പത്തനംതിട്ട: ശബരിമല തീർഥാടകന്റെ മരണം അപകടത്തെ തുടർന്നെന്ന റിപ്പോർട്ടിനേ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ച ബിജെപിയും മലക്കം മറിഞ്ഞു. പോലീസ് രാജിലും ശിവദാസനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കുന്നതിൽ കാലതാമസം വരുത്തിയതിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണു വെള്ളിയാഴ്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞത്.
ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടു നിലയ്ക്കലിലുണ്ടായ പോലീസ് നടപടിക്കിടെയാണ് ശിവദാസൻ മരിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയും ശബരിമല കർമ സമിതിയും പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
എന്നാൽ 18-ന് ശബരിമലയിൽ പോയി 19-ന് മടങ്ങി വരുംവഴി അപകടത്തിലാണ് തീർഥാടകൻ മരിച്ചതെന്ന് മനസിലാക്കിയ ബിജെപി നേതൃത്വം വെള്ളിയാഴ്ച നിലപാടു തിരുത്തി. 16, 17 തീയതികളിലാണു നിലയ്ക്കലിൽ പോലീസ് നടപടികളുണ്ടായത്. നിലയ്ക്കലിൽ നടന്ന സമരത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നതായി ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും ബന്ധുക്കൾ ഇതു നിഷേധിച്ചു.
അതേസമയം, വഴിത്തർക്കവുമായി ബന്ധപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ കഴിഞ്ഞ ഓഗസ്റ്റിൽ ശിവദാസനെ മർദിച്ചിരുന്നതായുള്ള വിവരം പോലീസ് പുറത്തുവിട്ടു. നടക്കാനുള്ള വഴിയിലൂടെ തന്റെ ഇരുചക്ര വാഹനവുമായി ശിവദാസൻ പോകുന്നതു സമീപത്തെ നാലു കുടുംബങ്ങളാണ് തടഞ്ഞത്. ഇതിനെതിരേ ശിവദാസൻ പോലീസിൽ ഏപ്രിൽ മാസത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. അന്നു തർക്കം പറഞ്ഞു തീർക്കുകയും ചെയ്തു.
പിന്നീട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നു കാട്ടി ശിവദാസൻ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഓഗസ്റ്റ് 23-നാണ് ശിവദാസന് മർദനമേറ്റത്. രണ്ടു ദിവസം പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സയിലുമായിരുന്നു. ഈ വിവരം പുറത്തുവന്നതും ബിജെപിക്കു ക്ഷീണമായി.