ഷാഫി ചങ്ങരംകുളം
വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി തെരുവിൽ അലയുന്നവർ ഇപ്പോഴും നമ്മുടെ ചുറ്റിലുമുണ്ട്. ദൈന്യതയാർന്ന നോട്ടവുമായി നടന്നകലുന്ന അവരെ പലരും അവഗണിക്കാറാണ് പതിവ്. വല്ല ചാരിറ്റി ട്രസ്റ്റോ സർക്കാർ ഏജൻസികളോ ചെയ്യട്ടെ എന്ന മനോഭാവമാണ് പലർക്കും.
അവിടെയാണ് ശിവദാസൻ എന്ന മലപ്പുറം ചങ്ങരംകുളം സ്വദേശിയുടെ ഹൃദയവലിപ്പം തൊട്ടറിയേണ്ടത്. ശിവദാസൻ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാനാണെന്നറിയുന്പോൾ നമ്മുടെ ചിന്താഗതികളെല്ലാം മാറി മറിയും. കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും ശിവദാസൻ എന്ന ചുമട്ട് തൊഴിലാളിയുടെ ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്നത് ഒരു നേരത്തെ അന്നത്തിനു വേണ്ടി അലയുന്നവർക്കാണ്.
തെരുവിൽ ഉറങ്ങുന്നവർക്കും അനാഥരും അശരണരുമായവർക്കും ശിവദാസൻ ഭക്ഷണപൊതികളുമായെത്തും. പ്രദേശത്തെ വിവാഹ വീടുകളിലും മറ്റു ചടങ്ങുകളിലും ബാക്കി വരുന്ന ഭക്ഷണം കുഴി കുത്തി മൂടുന്ന ശീലങ്ങൾ വരെ പ്രദേശവാസികൾ മാറ്റിത്തുടങ്ങിയത് ശിവദാസന്റെ കടന്ന് വരവിലൂടെയാണ്. ഏത് ആഘോഷ വേളകളിലും ബാക്കി വരുന്ന ഭക്ഷണം ശിവദാസനുള്ളതാണ്.
ബാക്കി വരുന്ന ഭക്ഷണം പൊതികളാക്കി പ്രദേശത്തെ അനാഥാലങ്ങളിലോ അഗതിമന്ദിരങ്ങളിലോ എത്തിച്ച് കൊടുക്കുന്നതു വരെ ശിവദാസന് മറ്റ് ജോലികളില്ല. വീടും നാടും അറിയാതെ റോഡരികിൽ അന്തിയുറങ്ങുന്നവർക്ക് പലപ്പോഴും ശിവദാസൻ തന്നെയാണ് രക്ഷിതാവ്. എത്ര തിരക്കിനിടയിലും വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക് പൊതിച്ചോറുമായി ശിവദാസൻ എത്തും.
അശരണരെ സംരക്ഷിക്കുന്ന കേന്ദ്രങ്ങളിൽ വിശേഷദിവസങ്ങളിൽ നെയ്ച്ചോറും ബിരിയാണിയുമായി പതിവായി എത്താനും അദ്ദേഹം മറക്കാറില്ല. തങ്ങളുടെ ഇല്ലായ്മകൾ പറഞ്ഞു മാറി നിൽക്കുന്നവർക്കും ഭക്ഷണപ്പൊതി മോഷ്ടിച്ചവനെ അടിച്ച് കൊല്ലുന്ന സദാചാരവാദികളായ മലയാളികൾക്കും ഒരു മാതൃകയാവണം ശിവദാസിന്റെ സ്നേഹപ്പൊതികൾ.
ചങ്ങരംകുളത്തെ കാരുണ്യദൂതൻ
പത്തു വർഷം മുന്പാണ് ശിവദാസൻ ചങ്ങരംകുളത്ത് ചുമട്ടുതൊഴിലാളിയായി എത്തുന്നത്. തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ശിവദാസനെന്ന ചുമട്ടുതൊഴിലാളിയെ പരിസരവാസികളിൽ ആരും അത്ര അടുത്തറിഞ്ഞിരുന്നില്ല. വിശപ്പിന്റെ വേദന അറിയുന്നവർക്കിടയിൽ ശിവദാസന്റെ കാരുണ്യകൈകൾ നിശബ്ദമായി എത്തിയിരുന്നു.
ജീവിതം പച്ചപിടിപ്പിക്കാൻ മാത്രമല്ല ചുമടെടുക്കുന്നത്, അതിലൂടെ സഹജീവികളുടെ കണ്ണീരൊപ്പാനും ആശ്വാസമാകാനും ശിവദാസൻ ഓടി നടന്നു. ലാഭേച്ഛയില്ലാതെ നാട്ടിൽ കാരുണ്യപ്രവൃത്തനം നടത്തുന്ന ശിവദാസന് ഏവരുടെയും പ്രിയപ്പെട്ടവനാകാൻ അധികനാൾ വേണ്ടിവന്നില്ല.
ശിവദാസനെ അടുത്തറിയാൻ തുടങ്ങിയതോടെ ശിവദാസൻ ചെയ്തുവരുന്ന കരുണ നിറഞ്ഞ പ്രവർത്തികളും പുറംലോകം അറിഞ്ഞു തുടങ്ങി. ജീവിതം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് വേണ്ടി ഉഴിഞ്ഞുവച്ച ശിവദാസൻ രോഗം കൊണ്ട് വലയുന്നവരടക്കം നിരവധി പേർക്ക് തണൽ വിരിക്കുകയാണ്.
പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ശിവദാസന്റെ മൊബൈലിലേക്ക് ദിവസേനയെത്തുന്ന കോളുകൾ ബിസിനസ് ആവശ്യങ്ങൾക്കോ നേരം പോക്കിനോ അല്ല. ഭക്ഷണം, വസ്ത്രം, പുസ്തകം, തല ചായ്ക്കാനൊരിടം ഇങ്ങനെ പോവുന്ന നിരവധി ആവശ്യങ്ങൾ. ഒന്നും തന്നെ കണ്ടില്ലെന്ന് നടിക്കാൻ ശിവദാസന് കഴിയില്ല. തെരുവിന്റെ ദാരിദ്ര്യവും നിസഹായതയും പലപ്പോഴും പലരും കണ്ണടച്ചവഗണിക്കുന്പോഴും, ആ കാഴ്ചകൾ തരുന്ന വേദന സ്വയമേറ്റെടുത്ത് പുറംതള്ളപ്പെട്ട മനുഷ്യരുടെ ആശ്വാസമായി മാറുകയാണ് ശിവദാസൻ.
രോഗീപരിചരണം ജീവിതചര്യകളുടെ ഭാഗം
കാരുണ്യം പാലീയേറ്റീവ് കെയറിലെ വോളണ്ടിയറായ ശിവദാസന് രോഗീപരിചരണവും ജീവകാരുണ്യപ്രവർത്തനങ്ങളും ജീവിതചര്യകളുടെ ഭാഗമാണ്. അപകടത്തിൽപ്പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും രോഗികളെ പരിചരിക്കുന്നതിനും ശിവദാസൻ മുൻപിലുണ്ടാകും.
ആരും തുണയില്ലാത്ത വയോധികർക്കും വിധവകൾക്കും അനാഥർക്കും ശിവദാസൻ വസ്ത്രങ്ങൾ ശേഖരിച്ചും ഭക്ഷ്യവസ്തുക്കൾ സമാഹരിച്ചും വീടുകളിൽ എത്തിക്കുന്നു. ചങ്ങരംകുളത്തെ നൂറ് കണക്കിന് കാൻസർ, കിഡ്നി രോഗികൾക്ക് പരിചരണം നൽകി വരുന്നു. ശിവദാസന്റെ ഒറ്റയാൾ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞ പ്രദേശവാസികൾ പ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകി കൂടെ നിൽക്കാനും തുടങ്ങി.
മധുവിനെപ്പോലുള്ളവർ ഇനി ഉണ്ടാവാതിരിക്കട്ടെ
വിശപ്പിന്റെ വിളിയാൽ മടുത്തവരെ ജീവിതത്തിലേക്ക് പിടിച്ചു കൊണ്ടു വരാൻ ശ്രമിക്കുകയാണ് ലക്ഷ്യമെന്നും മധുവിനെപ്പോലുള്ളവർ കേരളത്തിൽ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നും ഈ ചുമട്ടുതൊഴിലാളി പ്രത്യാശ പ്രകടിപ്പിക്കുന്നു. ധാരാളം പണം കയ്യിലുള്ളവർക്ക് മാത്രമെ മറ്റുള്ളവരെ സഹായിക്കാൻ കഴിയൂ എന്ന മനോഭാവമാണ് പലർക്കും.
നിർധനരായ കുട്ടികൾക്ക് വസ്ത്രങ്ങളോ മറ്റോ നൽകണമെങ്കിൽ ഏതെങ്കിലും സംഘടനയുടെയോ കൂട്ടായ്മയുടെയോ സഹായം വേണമെന്ന നിലയുമുണ്ട്. വിശക്കുന്നവന് ഭക്ഷണമെത്തിക്കാനും വേണം ചിലർക്കെല്ലാം പരസഹായം. ഇവിടെയാണ് കാരുണ്യമേഖലയിലെ ശിവദാസിനെപ്പോലുള്ളവരുടെ മഹത്വം ദർശിക്കാൻ.
കാരുണ്യപ്രവർത്തനം ’പ്രകടിപ്പിച്ച്’ അതിന്റെ ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച് കിട്ടുന്ന ലൈക്കിനു വേണ്ടി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളും കൂട്ടായ്മകളും ഒരുപാടുണ്ട്. അവർക്കിടയിൽ സഹജീവികളുടെ വിശപ്പിന്റെ വിളിയറിഞ്ഞ് ശിവദാസനെപ്പോലെ ഓടിയെത്തുന്നവരുണ്ടെന്നും ചുറ്റിലുമുള്ള “മധുമാരെ’ അറിയിച്ചുകൊടുക്കാനും നമുക്ക് കഴിയണം. ഒരു വ്യക്തിയുടെ ഏറ്റവും വലിയ വേദന വിശപ്പാണ്.
വിശപ്പിന്റെ വിളി വിളിപ്പാടകലെയെത്താത്തവർക്ക് “മധുമാരെ’ തിരിച്ചറിയാൻ കഴിയില്ല. കൈനീട്ടാതെ പട്ടിണിയിൽ വെന്തുരുകി ജീവിതം ഹോമിക്കുന്നവർക്കിടയിലേക്ക് ആധുനികകാലത്തെ തിരക്കുകൾക്കിടയിലും ഓടിയെത്താൻ ശിവദാസൻമാരെ പോലുള്ളവരും ആശ്വാസതണലാണ്.
ചങ്ങരംകുളം മൂക്കുതല സ്വദേശിയായ ശിവദാസൻ പഠിച്ചതും വളർന്നതും തമിഴ്നാട്ടിലാണ്. ആലങ്കോട് എരഞ്ഞിക്കാട്ട് കമലമ്മയുടെയും ബാലൻ നായരുടെയും മകനായ ശിവദാസൻ തന്റെ കുട്ടിക്കാലം ചെലവഴിച്ചതും ചെന്നൈയിലാണ്.
ഇപ്പോൾ ചങ്ങരംകുളത്തിനടുത്ത് മൂക്കുതലയിൽ കുടുംബസമേതം താമസിക്കുന്ന ശിവദാസൻ എപ്പോഴും വിവിധ കാരുണ്യ പ്രവർത്തനങ്ങളുമായി തിരക്കിലാണ്. കൂടെ ജോലി ചെയ്യുന്നവരുടെ സഹായസഹകരണങ്ങളും ശിവദാസന് ജോലിക്കിടയിലെ കാരുണ്യപ്രവർത്തനങ്ങൾ തടസമില്ലാതെ കൊണ്ടു നടക്കാൻ സാഹചര്യം ഒരുക്കിക്കൊടുക്കുന്നു. ഭാര്യ ലതയും മക്കളായ ആദിത്യൻ, അംഗിത എന്നിവരും ശിവദാസിന്റെ കാരുണ്യപ്രവർത്തനങ്ങളിൽ അകമഴിഞ്ഞ സഹായങ്ങൾ നൽകി എപ്പോഴും കൂടെയുണ്ട്.
ശിവദാസൻ നന്പർ -8547059938