പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിക്കരുതെന്ന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍. ശബരിമല ക്ഷേത്രത്തില്‍ വരുമാന നഷ്ടമുണ്ടായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രത്യേക ഗ്രാന്റായി 100 കോടി രൂപ നല്കാന് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ശബരിമലയില്‍ വരുമാനക്കുറവുണ്ടായതിന് സര്‍ക്കാരും സര്‍ക്കാരിന്റെ കെണിയില്‍ വീണ് കാണിക്കയിടരുതെന്ന് പ്രചാരണം നടത്തിയവരും ഒരേപോലെ ഉത്തരവാദികളാണ്.
വെടക്കാക്കി തനിക്കാക്കുക എന്ന നയം കലാപഭൂമിയാക്കി വരുമാന നഷ്ടം വരുത്തിയ ശേഷം അതിന്റെ പേരില്‍ പൊതു ഖജനാവില്‍ നിന്നും നൂറ് കോടി നല്കി ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു.
ഇതറിയാമായിരുന്നിട്ടും ദേവസ്വം ബോര്‍ഡിന് പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡിനെയും ക്ഷേത്രങ്ങളെയും സെക്രട്ടേറിയറ്റില്‍ ഇരുന്ന് ഭരിക്കാനാണ്. ദേവസ്വം ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കവനന്റിന്റെ ഭാഗമായി നല്കുന്ന ഗ്രാന്റും ശബരിമല വരുമാന നഷ്ടമുണ്ടായതിന്റെ പേരില്‍ നല്കുന്ന ഗ്രാന്റും തമ്മില്‍ ബന്ധമില്ല. സര്‍ക്കാര്‍ ഗ്രാന്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിശ്വാസ സമൂഹം തിരിച്ചറിയണമെന്നും കെശിവദാസന്‍ നായര്‍ പറഞ്ഞു.