സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ… ഇന്നലെ ഫേസ്ബുക്കിൽ കണ്ട ശിവഗംഗ എന്ന മോളാണ് രാജേഷ് ജോർജ് കുളങ്ങരയുടെ നിർമാണത്തിൽ നവാഗതനായ സാംജി ആന്റണി സംവിധാനം ചെയ്യുന്ന, ഞാൻ നായകനായി എത്തുന്ന ഗബ്രി എന്ന ചിത്രത്തിലെ ഗായിക…(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോൾടെ വിവരങ്ങൾ തന്ന എല്ലാ നല്ല മനസുകൾക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിക്കും… ഇന്നലെ ഉച്ചയ്ക്ക് നടൻ ജയസൂര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണിത്. ഒപ്പം ശിവഗംഗയ്ക്കും സംവിധായകൻ സാംജിക്കു ഒപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ജയസൂര്യ-ശിവഗംഗ കൂടിക്കാഴ്ച.
ശിവഗംഗയുമായുള്ള ഈ കൂടിക്കാഴ്ചയ്ക്ക് മുന്പ് ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ; ഈ മോൾടെ വിവരങ്ങൾ അറിയാവുന്നവർ ഒന്നു ഷെയർ ചെയ്യണേ… പറയാതിരിക്കാൻ വയ്യ ഗംഭീരം. ഒപ്പം ശിവഗംഗ എന്ന കൊച്ചു വാനന്പാടിയുടെ തരംഗമായി മാറിയ മനോഹരമായ ഗാനാലാപനത്തിന്റെ വീഡിയോയും ജയസൂര്യ പോസ്റ്റ് ചെയ്തിരുന്നു.
ഇനി ശിവഗംഗയിലേക്കു വരാം. ഈ ഓണക്കാലം ശിവഗംഗ എന്ന ആറാം ക്ലാസുകാരിയായ കൊച്ചുഗായികയ്ക്ക് ഒരിക്കലും മറക്കാനാവാത്തതാവും എന്നുറപ്പിക്കാം. കഴിഞ്ഞ ഒാണദിനം കുടുംബത്തോടൊപ്പം അമ്മയുടെ വീട്ടിലെത്തി മടങ്ങുകയായിരുന്നു ശിവഗംഗ. കായംകുളം മേനാന്പള്ളിയിൽ വഴിയരികിൽ സ്ഥലത്തെ ഒരു കൂട്ടം സാധാരണക്കാരായ ചെറുപ്പക്കാർ ഒരുക്കിയ ഒാണാഘോഷം. കുട്ടികളുടെ കൊച്ചുകൊച്ചു കലാപരിപാടികൾ മാത്രം. ശിവഗംഗയിലെ ഗായികയെ അറിയാവുന്ന ചിലർ ഒരു പാട്ടുപാടാമോയെന്ന അഭ്യർഥന മുന്നോട്ടുവച്ചു. (ഒരു ഗാനത്തിൽ നിന്നില്ല എന്നതു വേറെ കാര്യം.) വഴിയോരത്തു മതിലിനോടു ചേർന്നു നിന്നു ശ്രുതിമധുരമായി ശിവഗംഗ ആലപിച്ച കൂടെവിടെ എന്ന പഴയകാല ചിത്രത്തിലെ മോഹം കൊണ്ടു ഞാൻ ദൂരെ ഏതോ…, പുലിമുരുകനിലെ മാനത്തെ മാരിക്കുറുന്പേ…., ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ… എന്നീ ഗാനങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്തു സംഘാടകരിലൊരാളായ നന്ദു സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ശിവഗംഗയുടെ തലവര മാറി. ഈ ഗാനങ്ങൾ പിന്നീടു ഫേസ് ബുക്ക് കൂട്ടായ്മയായ സ്മാർട് പിക്സ് മീഡിയ ഏറ്റെടുത്തതോടെ ഈ കൊച്ചുഗായിക നാട്ടിലെ മാത്രമല്ല ലോകമാകെ താരമായി. ചുമ്മാ പറയുന്നതല്ല, ഇന്ത്യയിൽ നിന്നു മാത്രമല്ല വിദേശത്തുനിന്നു പോലും മലയാളികളായ ആസ്വാദകരുടെ അഭിനന്ദനവിളികളെത്തി. മാതൃസഹോദരൻ പ്രദീപിന്റെ ഫോണിലേക്കാണ് ഈ നിലയ്ക്കാത്ത വിളികളെത്തിയത്. ദിവസം 600 മുതൽ 700 വരെ വിളികൾ.വഴിയോര്തു നടന്ന തീരെ ചെറിയൊരു ഒാണാഘോഷം… ശിവഗംഗയെന്ന കൊച്ചുഗായികയുടെ മൂന്നു ഗാനങ്ങൾ… അത് ഇത്രമാത്രം തരംഗമാകുമെന്നു സ്വപ്നത്തിൽ പോലും ഇവർ കരുതിയില്ല. അതിനുള്ള എല്ലാ നന്ദിയും സ്മാർട് പിക്സ് മീഡിയയോടാണെന്നു പ്രദീപ് നന്ദിയോടെ സ്മരിക്കുന്നു. ശിവഗംഗ ഓണത്തിനു പാടിയ പാട്ടുകൾ സ്മാർട്ട് പിക്സ് മീഡിയയിലൂടെ പുറംലോകത്ത് എത്തിയപ്പോൾ ആദ്യദിനം കണ്ടത് 2.5 ലക്ഷം പേരാണ്. ഷെയറുകളും അനുമോദന സന്ദേശങ്ങളും വേറേ.
ഫേസ്ബുക്കിലൂടെ വൈറലായ ശിവഗംഗയുടെ ഗാനങ്ങളുടെ വീഡിയോ കണ്ടാണ് നടൻ ജയസൂര്യയും ഈ കൊച്ചുമിടുക്കി ആരാണെന്ന് അറിയാവുന്നവർ അറിയിക്കണമെന്നു ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചത്.
അങ്ങനെ ഒടുവിൽ ശിവഗംഗയുടെ ഫോണ്നന്പർ ലഭിച്ച ജയസൂര്യ ഈ കൊച്ചുമിടുക്കിക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. സിനിമയിൽ പാടാനും ഒപ്പം അഭിനയിക്കാനുമുള്ള അവസരം. ശിവഗംഗയെന്ന കൊച്ചുഗായികയ്ക്ക് ഇതിൽപരം എന്തുവേണം. ജനുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഗാനത്തിൻെ റിക്കാർഡിംഗ് അതിനു മുന്പേ നടന്നേക്കും. നന്ദി ജയേട്ടാ… അഭിനന്ദനവുമായെത്തിയ വിളികളിൽ പൂമരം എന്ന സിനിമയിലെ സംഗീതസംവിധായകൻ ഫൈസൽ റാസിയും പെടും. അദ്ദേഹവും ശിവഗംഗയെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.
ഒന്നരമാസം മാത്രമാണ് ഈ കൊച്ചുഗായിക ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ളത്. മുതുകുളം ബ്ലോക്കുപഞ്ചായത്തംഗവും ഗായികയുമായ സോമലതയാണ് സംഗീതം പഠിപ്പിച്ചത്. കാരണം മറ്റൊന്നുമല്ല സംഗീതം പഠിപ്പിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നുവെന്നു ശിവഗംഗയുടെ മാതാവ് ആശ പറയുന്നു.
കായംകുളം ദേശമംഗലം ചെന്പകപ്പള്ളിൽ രാജൻ-ആശ ദന്പതികളുടെ മകളാണ് കായംകുളം സെന്റ് ജോണ്സ് സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയായ ശിവഗംഗ.
നിർമാണത്തൊഴിലാളിയായ അച്ഛൻ രാജൻ രണ്ടരമാസം മുൻപ് ജോലി തേടി വിസിറ്റിംഗ് വിസയിൽ ദുബായിൽ പോയിരിക്കുകയാണ്.
ശിവഗംഗയുടെ പാട്ടുകൾ ലോകമെന്പാടും തരംഗമായപ്പോൾ ദുബായിയിലുള്ള അച്ഛനെത്തേടിയും നിരവധി വിളികളാണെത്തിയത്. മെലഡി ഗാനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ കൊച്ചുഗായികയ്ക്ക് ഏതുതരം ഗാനങ്ങളും വഴങ്ങും. പ്രമുഖ ചാനലുകളിലെ സംഗീത പരിപാടികളിലേക്കും ശിവഗംഗയ്ക്കു ക്ഷണം ലഭിച്ചിട്ടുണ്ട്. പാട്ടു മാത്രമല്ല, കവിതാലാപനത്തിലും ശിവഗംഗ മികവുപുലർത്തുന്നു. ഇപ്പോൾ നാട്ടിലെ ചെറുഗാനമേള ട്രൂപ്പിൽ പാടുന്നുണ്ട്. ശിവഗംഗയുടെ തരംഗമായി മാറിയ വീഡിയോയുടെ കമന്റ് ബോക്സുകളിൽ നിറഞ്ഞ വാക്കുകൾ പോലെ …
ബെസ്റ്റ് ഒാഫ് ലക്ക് ശിവഗംഗ…
പ്രദീപ് ഗോപി