ശിവഗിരി: 86-മത് ശിവഗിരി തീർഥാടനത്തിന് ശിവഗിരി ഒരുങ്ങി. ഞായറാഴ്ച രാവിലെ 10ന് ഗവർണർ പി.സദാശിവം തീർഥാടന പരിപാടികൾ ഉദ്ഘാടനം ചെയ്യും. നാല് ഗവർണർമാർ കൂടി വിവിധ സമ്മേളനങ്ങളിലായി പങ്കെടുക്കും. ബൻവരിലാൽ പുരോഹിത് (തമിഴ്നാട്), വാജുഭായ് വാല (കർണാടക), പി.ബി. ആചാര്യ (നാഗാലാൻഡ്), കുമ്മനം രാജശേഖരൻ (മിസോറം) എന്നിവരാണ് മറ്റ് ഗവർണർമാർ. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിക്കും.
അറിവ്, ആരോഗ്യം, ആത്മീയത എന്നീ ഗുരുദേവ ആശയങ്ങളെ മുൻനിറുത്തിയുള്ള തീർഥാടന പരിപാടികൾ ഞായറാഴ്ച ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കും. സമ്മേളനം നടക്കുന്ന ഓഡിറ്റോറിയത്തിലെ അവസാനഘട്ട മിനുക്കുപണികൾ നടക്കുകയാണ് 10,000 തീർഥാടകർക്കുള്ള ഇരിപ്പിടം ഹാളിൽ സജ്ജമാക്കും. മഹായതി പൂജയ്ക്ക് ഒരുക്കിയ അതേവേദിയിൽ തന്നെയാണ് സമ്മേളനങ്ങൾ നടക്കുക.
ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാവും തീർഥാടനമെന്ന് തീർഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ അറിയിച്ചു. അന്നദാനത്തിനായി ഒരേസമയം 4,000 പേർക്ക് ഭക്ഷണം കഴിക്കാം. ഐടി മേഖലയിൽ സ്വയംതൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകാനും പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കാനും ഇന്നും ഞായറാഴ്ചയും സ്റ്റാർട്ടപ്പ് സ്കിൽ ഡെവലപ്മെന്റ് മേള സംഘടിപ്പിക്കുന്നുണ്ട്.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവും ശിവഗിരി മഠവും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലും മുടക്കുമുതൽ സംബന്ധിച്ച വിഷയത്തിലും ക്ലാസുകളുണ്ടാവും. ആവശ്യക്കാർക്ക് ഓരോ സംരംഭത്തിനും വേണ്ട പശ്ചാത്തല സംവിധാനങ്ങൾ ഒരുക്കാനും സാധിക്കും.
ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു
തിരുവനന്തപുരം: ശിവഗിരി തീർഥാടനം പ്രമാണിച്ച് വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ഞായറാഴ്ച മുതൽ ജനുവരി ഒന്നുവരെയാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.