തിരുവനന്തപുരം: ശ്രീനാരായണഗുരു സമൂഹത്തെയും ജീവിതത്തെയും മനുഷത്വവൽക്കരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്റെ ഇടപെടലുകൾ സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശിവഗിരി തീർത്ഥാടനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൗരാവകാശങ്ങൾ നേടിയെടുക്കാൻ നടത്തിയ ആദ്യ സമരമാണ് വൈക്കം സത്യാഗ്രഹംമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി വി.എൻ. വാസവൻ, കോണ്ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വർക്കല കഹാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ശ്രീനാരായണഗുരുദേവന്റെ അരുളപ്പാട് പ്രകാരം നടത്തുന്ന 91-ാം മത് ശിവഗിരി തീർത്ഥാടനത്തെ വരവേൽക്കാൻ വർക്കലയും ശിവഗിരിയും സമീപപ്രദേശങ്ങളും അണിഞ്ഞൊരുങ്ങി. ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ അധ്യക്ഷത വഹിച്ചു . ഗുരുദേവൻ ആലുവ അദ്വൈതാശ്രമത്തിൽ 1924-ൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെയും വൈക്കം സത്യാഗ്രഹത്തിന്റെയും മഹാകവി കുമാരനാശാൻ അന്തരിച്ചതിന്റെ ശതാബ്ദി വർഷവും ഉൾപ്പെടെ ക്രോഡീകരിച്ചാണ് ഈ വർഷത്തെ ശിവഗിരി തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. തീർത്ഥാടന സമ്മേളന വേദിയിൽ സ്ഥാപിക്കാനുള്ള ഗുരുദേവ വിഗ്രഹം ഇലവുംതിട്ട കേരളവർമ്മ സൗധത്തിൽ നിന്നും ഘോഷയാത്രയോടെ ഇന്നലെ വൈകുന്നേരം ശിവഗിരിയിലെത്തിച്ചിരുന്നു. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദയും ശ്രീനാരായണിയ ഭക്തരും ചേർന്ന് സ്വീകരിച്ചു.
നാളെ രാവിലെ അഞ്ചിനാണ് തീർത്ഥാടക ഘോഷയാത്ര. തുടർന്ന് രാവിലെ പത്തിന് നടക്കുന്ന തീർത്ഥാടക സമ്മേളനം കേന്ദ്രധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യും. ശിവഗിരി തീർത്ഥാടനത്തിനായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആയിരകണക്കിന് ശ്രീനാരായണ ഭക്തരും വിശ്വാസികളും ഇന്ന് മുതൽ ശിവഗിരിയിലെത്തും. തീർത്ഥാടകരെ വരവേൽക്കാൻ വിപുലമായ സജീകരണങ്ങളാണ് ട്രസ്റ്റ് കമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.