സ്വന്തം ലേഖകൻ
തൃശൂർ: ശിവകാശി മോഡൽ വെടിക്കോപ്പു നിർമാണ ശാലകൾ തൃശൂരിൽ ആരംഭിക്കാൻ നടപടികളാരംഭിച്ചു. എ.സി.മൊയ്തീൻ വ്യവസായ മന്ത്രിയായിരിക്കെ മുന്നോട്ടുവെച്ച ഈ പദ്ധതിക്ക് ആ വർഷത്തെ ബജറ്റിൽ തുക വകയിരുത്തിയിരുന്നുവെങ്കിലും മൊയ്തീൻ വ്യവസായ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ഈ പ്രൊജക്ടിന്റെ മുന്നോട്ടുള്ള നീക്കവും നിലച്ചു.
ശാസ്ത്രീയവും സുരക്ഷിതവുമായ പടക്ക-വെടിമരുന്ന് നിർമാണത്തിനായി തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഫയർ ക്രാക്കേഴ്സ് പ്രോഡക്ട് ക്ലസ്റ്റർ സ്ഥാപിക്കുമെന്നാണ് 2018-19 ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നത്.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തൃശൂർ എംഎൽഎ കൂടിയായ കൃഷിവകുപ്പുമന്ത്രി വി.എസ്.സുനിൽകുമാർ മുൻകയ്യെടുത്ത് വിളിച്ചു ചേർത്ത യോഗത്തിൽ തൃശൂർ പൂരം സുഗമമായി നടക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കൊപ്പം തൃശൂരിലെ വെടിക്കോപ്പു നിർമാണ ശാലകളെക്കുറിച്ചും ചർച്ച വന്നു.
കെ.എസ്.ഐ.ഡി.സിയുടെ കീഴിൽ തൃശൂരിൽ കണ്ടെത്തിയ 30 ഏക്കർ സ്ഥലത്ത് വെടിക്കോപ്പുകളുടെ നിർമാണ ശാലകൾ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടികൾ ത്വരിതപ്പെടുത്താൻ യോഗം ജില്ലാ കളക്റ്ററെ ചുമതലപ്പെടുത്തി.തൃശൂർ പൂരത്തിനും മധ്യകേരളമടക്കമുള്ള മറ്റ് ഉത്സവാഘോഷങ്ങൾക്കുമുള്ള വെടിക്കോപ്പുകൾ കേരളത്തിൽ തന്നെ നിർമിക്കാൻ കഴിയും വിധമായിരിക്കും ശിവകാശി മോഡലിൽ വെടിക്കോപ്പു നിർമാണ ഫാക്ടറികൾ സ്ഥാപിക്കുക.
ഇവയ്ക്ക് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സ്ഫ്റേ്റി ഓർഗനൈസേഷൻ (പെസോ) അടക്കമുള്ള ഏജൻസികളുടെ അംഗീകാരവും നേടാൻ നടപടികളെടുക്കും. ഇതുസംബന്ധിച്ച അന്തിമരൂപരേഖ ആയിട്ടില്ലെങ്കിലും കാര്യങ്ങൾ വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ വെടിക്കോപ്പുകളുടെ നിർമാണത്തിനായി ക്ലസ്റ്റർ രൂപീകരിക്കുന്നത്.