ബംഗളുരു: ക്ഷേത്രത്തിലേക്ക് വെള്ളികൊണ്ടു തീർത്ത ഹെലികോപ്റ്റർ മാതൃക സമർപ്പിച്ചു കർണാടക കോണ്ഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ. ഹൂവിനഹദഗലി മൈലാർലിംഗേശ്വര ക്ഷേത്രത്തിലാണു ശിവകുമാർ നേർച്ച നടത്തിയത്.
ബെല്ലാരിയിലെ ക്ഷേത്രത്തിൽ 2018-ൽ ഹെലികോപ്റ്ററിലെത്തി സന്ദർശനം നടത്തിയതിനു പ്രായശ്ചിത്തമായാണു വെള്ളികൊണ്ടുള്ള ഹെലികോപ്റ്റർ മാതൃക ഇദ്ദേഹം നൽകിയത്.
പതിനായിരക്കണക്കിനു തീർഥാടകർ എത്തുന്ന ക്ഷേത്രത്തിനു മുകളിലൂടെ പറന്നതിനെ തുടർന്നാണ് ആദായനികുതി റെയ്ഡുകൾ ഉൾപ്പെടെയുള്ള അനർഥങ്ങൾ നടന്നതെന്നു പാർട്ടി പ്രവർത്തകർ കരുതി.
അതിലൊരാൾ സംഭാവന ചെയ്തതാണ് ഹെലികോപ്റ്റർ മാതൃകയെന്നു ശിവകുമാർ പറഞ്ഞു.
വാർഷിക കർണികയോടനുബന്ധിച്ച് ലക്ഷണക്കണക്കിനാളുകൾ പദയാത്രയായി ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ശിവകുമാർ ഹെലികോപ്റ്ററിൽ വന്നത്.
കർണാടകയിൽ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ശിവകുമാറിന്റെ ക്ഷേത്ര ദർശനവും പ്രായശ്ചിത്ത നേർച്ചയും.