പൊൻകുന്നം: യൂസഫലിയുടെ ഹെലികോപ്റ്റർ മനോധൈര്യം കൈവിടാതെ ചതുപ്പിലേക്കിറക്കിയ ചിറക്കടവ് സ്വദേശി പൈലറ്റ് കെ.ബി. ശിവകുമാറിന് അഭിനന്ദനപ്രവാഹം.
ചിറക്കടവിന് അഭിമാനമായി മാറിയ ശിവകുമാറിനെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിക്കാൻ നാട്ടുകാർ മറന്നില്ല.
ശിവകുമാറിന്റെ ധീരതയിൽ ആറുപേരുടെ ജീവൻ രക്ഷപ്പെട്ടപ്പോൾ അഭിമാനം ചിറക്കടവ് ഗ്രാമത്തിനുകൂടി സ്വന്തമാണെന്ന് നാട്ടുകാർ പറയുന്നു.
അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്ക് വിളിച്ചിരുന്നുവെന്നും ശിവകുമാറിനെ പോയി കാണുകയും ചെയ്തുവെന്ന് ജ്യേഷ്ഠൻ ശശികുമാർ പറഞ്ഞു.
ചിറക്കടവ് കോയിപ്പുറത്ത് മഠത്തിൽ ഭാസ്കരൻനായരുടെയും ഭവാനിയമ്മയുടെയും മകനാണ് ശിവകുമാർ. സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന് ശേഷം ഡൽഹിയിൽ റെലിഗേർ എന്ന ഫ്ലൈറ്റ് കമ്പനിയിൽ ജോലി ചെയ്തു.
അക്കാലത്ത് ഡൽഹിയിൽ വിവിഐപിമാരുടെ ഫ്ലൈറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. പ്രധാന മന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലുപ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളിൽ പൈലറ്റായി ശിവകുമാർ സേവനം ചെയ്തു.
പിന്നീട് എം.എ. യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങുകയായിരുന്നു. എറണാകുളത്താണ് താമസം. ബിന്ദുവാണ് ഭാര്യ. മക്കൾ- തുഷാർ, അർജുൻ.