തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് നടത്തിയ വിജിലൻസ് റെയ്ഡിനെതിരെ തുറന്നടിച്ച് മുൻ മന്ത്രി വി.എസ്.ശിവകുമാർ. തന്റെ വസതിയിൽ നിന്ന് രേഖകകൾ പിടിച്ചെടുത്തു എന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ഒന്നും കണ്ടെത്താനാകാതെയാണ് വിജിലൻസ് ഉദ്യോഗസ്ഥർ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ തന്നെ തേജോവധം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് റെയ്ഡെന്നും ശിവകുമാർ വ്യക്തമാക്കി. അഴിമതിയിൽ മുങ്ങി നിൽക്കുന്ന സർക്കാർ ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് ഇത്തരം നടപടികളിലേക്ക് പോകുന്നതെന്നു കുറ്റപ്പെടുത്തിയ ശിവകുമാർ സംസ്ഥാന ബജറ്റിനെ താൻ രൂക്ഷമായി വിമർശിച്ചതും സർക്കാരിനെ ചോടിപ്പിച്ചിരിക്കാമെന്നും ആരോപിച്ചു.
എല്ലാ പരിശോധനകളോടും പൂർണമായി താൻ സഹകരിച്ചെന്നു പറഞ്ഞ ശിവകുമാർ വിജിലൻസ് റെയ്ഡിൽ ഒന്നും കണ്ടെത്താനാകാത്തതിൽ സന്തോഷമുണ്ടെന്നും കൂട്ടച്ചേർത്തു.