അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമായ ഒരു സംഭവമാണ് പ്രശസ്ത നടനും അഭിനേതാക്കളായ സൂര്യ, കാര്‍ത്തി എന്നിവരുടെ പിതാവുമായ ശിവകുമാര്‍, തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയുടെ ഫോണ്‍ വാങ്ങി എറിഞ്ഞു കളഞ്ഞത്. അനുവാദമില്ലാതെ സെല്‍ഫിയെടുക്കുന്നത് മര്യാദയല്ലെന്ന് പറഞ്ഞ അദ്ദേഹം പിന്നീട് ദേഷ്യം ശമിച്ച സമയത്ത് പ്രസ്തുത യുവാവിന് പുതിയ ഫോണ്‍ വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു.
സെല്‍ഫിയുടെ കാര്യത്തില്‍ അച്ഛന്റെ സ്വഭാവമാണോ മക്കന്‍ കാര്‍ത്തിക്കും കിട്ടിയിരിക്കുന്നതെന്ന തന്റെ സംശയം തീര്‍ക്കാന്‍ ശ്രമിച്ച നടി കസ്തൂരിയുടെ അനുഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നടിയോട് സ്‌നേഹപൂര്‍വ്വം ക്ഷോഭിക്കുകയായിരുന്നു കാര്‍ത്തി.
കഴിഞ്ഞ ദിവസം ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് ലോഞ്ചില്‍ കാര്‍ത്തിയും നടി കസ്തൂരിയും പങ്കെടുത്തിരുന്നു. വേദിയില്‍വെച്ച് കസ്തൂരി, ശിവകുമാര്‍ ഫോണ്‍ തല്ലിപ്പൊട്ടിച്ച കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനൊപ്പം സെല്‍ഫിയെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞു.
ഫോണ്‍ തല്ലിപ്പൊട്ടിച്ചില്ലെങ്കിലും പെട്ടെന്ന് തന്നെ മൈക്ക് പിടിച്ചു വാങ്ങിയ കാര്‍ത്തി കസ്തൂരിയുടെ പ്രവര്‍ത്തിയിലുള്ള നീരസം മറച്ചുവച്ചില്ല. ഇപ്പോഴിതിവിടെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ആര്‍ക്കും ആരോടും മര്യാദയില്ല. എവിടെപ്പോയാലും മുന്നിലും പുറകിലും ഫോണുമായി വരും. അതിനെല്ലാം ഫ്‌ലാഷുമുണ്ട്.
നമ്മുടെ മുഖത്തിനോട് ചേര്‍ന്ന് സെല്‍ഫിയെടുക്കുന്നതിന് മുന്‍പ് അനുവാദം ചോദിക്കാനുള്ള അന്തസ് പോലുമില്ല. മൈഗ്രൈന്‍ പോലെയുള്ള അസുഖങ്ങളുള്ളവര്‍ക്ക് ഇതെത്ര അലോസരമുണ്ടാക്കുന്നതാണെന്ന് അറിയാമോ? കാര്‍ത്തി ചോദിച്ചു. ഇതിപ്പോള്‍ തന്നെ പറഞ്ഞില്ലെങ്കില്‍ പിന്നീട് പറയാനുള്ള അവസരം കിട്ടില്ലെന്നും കാര്‍ത്തി പറഞ്ഞു.
https://youtu.be/yQJivf56jqU