വരാപ്പുഴ: തമിഴ്നാടിലെ സേലം ധർമപുരിയിൽ രണ്ട് മലയാളികൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കൊലപാതകത്തിലേക്ക് നയിച്ചത് വസ്തുക്കച്ചവടത്തെ തുടർന്നുള്ള തർക്കമെന്ന് സംശയം.
വരാപ്പുഴ വലിയവീട്ടിൽ ട്രാവൽസ് ഉടമ ശിവകുമാർ പൈ, സുഹൃത്തായ തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവിൽ ജി. ക്രൂസ് എന്നിവരെയാണ് സേലം ധർമപുരിയിൽ വനമേഖലയോട് ചേർന്നുള്ള റോഡരികിൽ ചൊവ്വാഴ്ച വൈകിട്ടോടെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്നും പോലീസ് മോബൈൽ ഫോണും തമിഴ്നാട്ടിൽ നടത്തിയ വസ്തു ഇടപാടിന്റെ രേഖകളും പോലീസിന് കണ്ടെടുത്തു.
ഊട്ടിയിലെ വസ്തു വിൽക്കാനുള്ള കരാർ ഒപ്പിട്ടെന്നും തിങ്കളാഴ്ച പണം ലഭിക്കുമെന്നും നെവിൽ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു.
ടൂറിസ്റ്റ് ബസ് വ്യവസായി ആയിരുന്ന ശിവകുമാർ പൈ അടുത്ത കാലത്തായി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
പണം കടമായും കച്ചവടത്തിനായും വാങ്ങിയത് തിരിച്ചു നൽകാത്തതിനെ ചൊല്ലി വരാപ്പുഴ പോലീസിൽ പരാതികൾ ഉണ്ടായിരുന്നു.
തമിഴ്നാട് സ്വദേശികളിൽനിന്നും വൻ തുകകൾ ബിസിനസിനായി വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറയുന്നു.
ബിസിനസ് സംബന്ധമായ ആവശ്യത്തിനായി സുഹൃത്ത് നിവിൽ ബ്രൂസുമായി ഞായറാഴ്ചയാണ് ശിവകുമാർ സേലത്തേക്കു പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു.
ഇരുവരുടെയും ശരീരത്തിൽ ആഴമേറിയ മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നതായി തമിഴ്നാട് പോലീസ് പറയുന്നു.
സേലം ഓമല്ലൂർ ടോൾ ഗേറ്റിലൂടെ ഇവരുടെ വാഹനം കടന്ന് പോയ സിസിടിവി ദ്യശ്യങ്ങൾ പോലിസിന് ലഭിച്ചിട്ടുണ്ട്.
ശിവകുമാറിന്റെയും നെവിലിന്റെയും മൃതദേഹം തമിഴ്നാട് പോലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.