തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്.ശിവകുമാർ എംഎൽഎ ഡിജിപിക്കും പോലീസ് സൈബർ സെല്ലിനും പരാതി നൽകി.
വോട്ട് മറിക്കാൻ ശ്രമിക്കുന്നുവെന്നത് അടക്കം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു വ്യക്തിഹത്യ ചെയ്യാനുള്ള നീക്കങ്ങൾക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ശിവകുമാർ അറിയിച്ചു. കോണ്ഗ്രസ് നേതാക്കളെ അപകീർത്തിപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്ന് അന്വേഷിക്കണമെന്നും രാഷ്ട്രീയ നേട്ടത്തിനായി പൊതുജനമധ്യത്തിൽ തന്റെ പേര് കളങ്കപ്പെടുത്താൻ പ്രവർത്തിച്ച മുഴുവൻ ഗൂഢശക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും പോലീസിനു നൽകിയ പരാതിയിൽ ശിവകുമാർ ആവശ്യപ്പെട്ടു.