ഹൈദരാബാദ്: സ്വപ്നദർശനത്തെ തുടർന്ന് ശിവലിംഗം തിരഞ്ഞ് യുവാവ് ദേശീയ പാത തുരന്നു. ഐഎസ്ആർഒ ജിഎസ്എൽവി മാർക്ക് മൂന്ന് വിജയകരമായി വിക്ഷേപിച്ച് ചരിത്രം തിരുത്തിക്കുറിച്ച ദിവസം തന്നെയാണ് തെലുങ്കാനയിൽനിന്ന് സ്വപ്നദർശന വാർത്തയും എത്തുന്നത്. തെലുങ്കാനയിലെ ജന്‍ഗാവ് ജില്ലിയിലുള്ള പേമ്പാര്ത്തി ഗ്രാമത്തിലായിരുന്നു സംഭവം. ലക്ഷ്മണ് മനോജ് എന്ന യുവാവാണ് സ്വപ്നത്തിൽ കണ്ട ശിവലിംഗത്തിനായി ദേശീയ പാത കുഴിച്ചത്.
സ്വപ്നത്തില്‍ എത്തിയ ഭഗവാന് ദേശീയ പാതയിലെ പ്രത്യേക ഒരിടം കുഴിച്ചാല്‍ ശിവലിംഗം ലഭിക്കുമെന്നും, അവിടെ ശിവക്ഷേത്രം നിർമിക്കാന്‍ നിര്‍ദേശിച്ചെന്നുമാണ് ലക്ഷ്മണ് മനോജ് പറയുന്നത്. കടുത്ത ശിവഭക്തനായ ലക്ഷമൺ, ശിവലിംഗം ലഭിക്കാൻ വാറംഗല്‍-ഹൈദരാബാദ് ദേശീയ പാതയുടെ നടുക്ക് കുഴിക്കുകയായിരുന്നു. ലക്ഷമണിന്റെ നേതൃത്വത്തില്‍ പ്രാർഥനകൾക്കു ശേഷമാണ് ജെസിബി ഉപയോഗിച്ച് 20 അടി കുഴിച്ചത്. സംഭവത്തെ തുടർന്ന് ദേശീയ പാത 163 ൽ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ലക്ഷമണ് മനോജ് നിരന്തരം ഇതേ സ്വപ്നം കാണുന്നു. സ്വപ്നം കാണുമ്പോഴെല്ലാം ഇയാൾ ഇവിടെ എത്തുകയും ഉറഞ്ഞ് തുള്ളുകയും ചെയ്യും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ശിവലിംഗം ലഭിക്കുന്നതിന് റോഡ് കുഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെടുന്നെങ്കിലും ആരുടേയും പിന്തുണ ലഭിച്ചിരുന്നില്ല.
എന്നാൽ ഇയാൾ എല്ലാ തിങ്കളാഴ്ച ദിവസവും റോഡിൽവന്നു പൂജ ചെയ്തുപോന്നു. ഒടുവിൽ ഗ്രാമവാസികളെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് അധ്യക്ഷനെയും തന്റെ സ്വപ്നം വിശ്വസിപ്പിക്കാൻ ലക്ഷ്മണിന് സാധിച്ചു. ഇതോടെയാണ് കഴിഞ്ഞ ദിവസം റോഡ് കുഴിക്കാൻ തീരുമാനമായത്.
വലിയ പൂജകൾക്കു ശേഷമാണ് റോഡ് കുഴിക്കുന്നതിന് ആരംഭിച്ചത്. 10 അടി കുഴിച്ചാൽ ശിവലിംഗം ലഭിക്കുമെന്നായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ 10 അടി കുഴിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് 15 അടി കുഴിച്ചു. എന്നിട്ടും നിരാശയായിരുന്നു ഫലം.
ദേശീയ പാതയില്‍ ഗതാഗത തടസം നേരിട്ടതിനെ തുടർന്ന് ലക്ഷമണ് മനോജിനേയും പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.