പത്തനംതിട്ട: സംഗീതജ്ഞൻ ശിവമണിക്കു ശബരിമല സന്നിധാനത്തു സംഗീതാർച്ചന നടത്തുന്നതിനു വിലക്കേർപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണു നടപടി.
എല്ലാ വർഷവും നടപ്പന്തലിൽ ശിവമണി സംഗീതാർച്ചന നടത്താറുണ്ട്. എന്നാൽ ഇക്കുറി തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു പോലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. മരാമത്ത് കോംപ്ലക്സിലെ വിരിവെപ്പ് കേന്ദ്രത്തിലാണു ശിവമണിക്കു സ്ഥലം അനുവദിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ ആറരയ്ക്കാണു ശിവമണി സംഗീതാർച്ചന നടത്താൻ നിശ്ചയിച്ചിരുന്നത്. വെള്ളിയാഴ്ച ശിവമണി ദർശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.