കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമോ തൊട്ടു മുന്‍പോ ആയിരുന്നില്ല എം. ശിവശങ്കർ എന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തിന്റെ തുടക്കം. പിണറായി സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെത്തന്നെ ശിവശങ്കർ അദ്ദേഹത്തിന്റെ വിശ്വസ്തനായി.
ശിവശങ്കറിനു പിണറായി വിജയൻ എന്ന ഉന്നത രാഷ്ട്രീയ നേതാവിലേക്കുള്ള പാലമൊരുക്കിയത് മുഖ്യമന്ത്രിയുടെ ഇപ്പൊ ഴത്തെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനും.
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാല് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായിരുന്നു സി.എം. രവീന്ദ്രൻ.
പിണറായി വിജയനുമായി ഏറ്റവും അടുപ്പം പുലർത്തുന്ന സിഎം. രവീന്ദ്രൻ, അന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയിൽ ടൂറിസം വകുപ്പിലെ കാര്യങ്ങളായിരുന്നു നോക്കിയിരുന്നത്.
2008 മേയ് ആദ്യം ടൂറിസം ഡയറക്ടറായി എം. ശിവശങ്കറിനെ സർക്കാർ നിയമിച്ചു. ഇതോടെ രവീന്ദ്രൻ വഴി അന്നത്തെ ശക്തനായ പാർട്ടി സംസ്ഥാന സെക്രട്ടറിയുമായി ശിവശങ്കർ അടുത്ത ബന്ധം പുലർത്തി.
സർക്കാരുകൾക്ക് ഏറെ പ്രിയങ്കരമായ ടൂറിസം വകുപ്പിലെ കാര്യങ്ങൾ മന്ത്രിയായ കോടിയേരിക്കൊപ്പം പിണറായി വിജയനുമായും ശിവശങ്കർ കൂടിയാലോചിച്ചിരുന്നു.
പിന്നീട്, യുഡിഎഫ് അധികാരത്തിലെത്തിയതോടെ കെഎസ്ഇബി ചെയർമാനും എംഡിയുമായി. വൈദ്യുതി വകുപ്പു സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.
യുഡിഎഫിലെ ചില മന്ത്രിമാരുമായും ശിവശങ്കർ അടുത്ത ബന്ധം പുലർത്തിയെങ്കിലും പിണറായി വിജയനുമായി അടുപ്പം കൂടുതൽ ആഴത്തിലുള്ളതായി.
ഇതിനിടയിലാണ് പിണറായി വിജയനെതിരേ ആരോപണം ഉയർന്ന ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട രേഖകളിൽ തിരിമറി നടത്തിയെന്നു പ്രതിപക്ഷം ആരോപണം ഉയർത്തിയത്.
പിന്നീടു മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരമേറ്റതിനു തൊട്ടു പിന്നാലെ ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.
മിടുക്കനായ ഐഎഎസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കുമെന്നായിരുന്നു ഉന്നത നേതാക്കളടക്കം കണ്ണുനട്ടിരുന്ന തസ്തികയിലേക്കു നിയമിച്ചപ്പോഴുള്ള അന്നത്തെ പാർട്ടി മറുപടി.
ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ പ്രോബ്ലം സോൾവർ
ഏതു സങ്കീർണമായ പ്രശ്നവും വേഗത്തിൽ പരിഹരിക്കാൻ മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം സമീപിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം. ശിവശങ്കറിനെയായിരുന്നു.
ഐഎഎസ് ഉദ്യോഗസ്ഥർ പെട്ടു പോകുന്ന ഏതു കേസും നിഷ്പ്രയാസം ഊരിക്കൊടുക്കാൻ ശിവശങ്കറിനു കഴിഞ്ഞിരുന്നു. മാധ്യമ പ്രവർത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കാൻ ആവശ്യമായ എല്ലാ നീക്കവും നടത്തിയതു ശിവശങ്കറായിരുന്നു.
ഇതോടെ ഒരു വിഭാഗം ഐഎഎസ് ഉദ്യോഗസ്ഥർ ശിവശങ്കറിന്റെ ഗ്രൂപ്പിലായി. രാത്രിയിൽ തലസ്ഥാനത്തെ പല ഫ്ളാറ്റുകളിലും ഹോട്ടലുകളിലും ചില ഐഎഎസ്, ഐപിഎസ് ഉന്നതർ പലവിധ സൗഹൃദങ്ങളോടെ നിർബാധം അഴിഞ്ഞാടിയപ്പോഴും ഇവരുടെ ബലം അധികാര കേന്ദ്രത്തിൽ ശക്തനായ ശിവശങ്കറായിരുന്നു.
ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം വഴിവിട്ട നീക്കങ്ങൾക്കെതിരേ ചില മന്ത്രിമാർ അടക്കം മുഖ്യമന്ത്രിയോടു പരാതിപ്പെട്ടെങ്കിലും ഒരു ചുക്കും സംഭവിച്ചില്ല. ഇതോടെ തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ ശിവശങ്കർ പ്രോബ്ലം സോൾവർ ആയി.
അധികാര കേന്ദ്രങ്ങളെ പാട്ടിലാക്കാൻ കണ്‍സൾട്ടൻസികൾ
അധികാര കേന്ദ്രമായി മാറിയശേഷം ഏതു സർക്കാർ പദ്ധതിയും കണ്‍സൾട്ടൻസികളെ ഏൽപ്പിക്കുന്ന സമീപനമായിരുന്നു എം. ശിവശങ്കർ സ്വീകരിച്ചത്. സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഐടി വകുപ്പിൽ മാത്രമായിരുന്നില്ല, ശിവശങ്കറിന്റെ കണ്‍സൾട്ടൻസികൾ അരങ്ങു വാണത്.
സിപിഎം മന്ത്രിമാർ ഭരിച്ചിരുന്ന പല വകുപ്പിലെ പദ്ധതികൾക്കും കണ്‍സൾട്ടൻസികൾ വന്നു. ഇതു കൂടാതെ സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലേക്കും കൈയേറ്റം തുടങ്ങിയതോടെയാണു എതിർപ്പു പുറത്തു വന്നത്.
സർക്കാർ ഉദ്യോഗസ്ഥർക്കു കാര്യപ്രാപ്തി പോരായെന്നു വിലയിരുത്തി തന്ത്രപ്രധാനമായ പദ്ധതികളിൽ പോലും കണ്‍സൾട്ടൻസികളെ കൊണ്ടു വന്നു.
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തരത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഓഫീസിലടക്കം വിദേശ കണ്‍സൾട്ടൻസികൾ വഴി നടത്തിയ താൽക്കാലിക നിയമനങ്ങൾ പോലും ഏറെ സംശയമുയർത്തുന്നുണ്ട്.