ന്യൂഡൽഹി: താൻ എന്തുകൊണ്ട് ബിജെപി വിടുന്നു എന്നു വിശദീകരിച്ച് പാർട്ടിയുടെ പ്രചാരണ വിദഗ്ധൻ കൂടിയായ ശിവംശങ്കർ സിംഗ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. പാർട്ടിയിൽ ജനാധിപത്യമില്ലെന്നും ഭരണകൂടം അസത്യം പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തുന്ന പോസ്റ്റിൽ തട്ടിപ്പുകൾ തെളിവുകൾ സഹിതം കണ്ടെത്തിയാൽ പോലും അതിൽ കുറ്റബോധം പ്രകടിപ്പിക്കാറില്ലെന്നും ശിവംശങ്കർ പറയുന്നു.
നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും അടക്കം കേന്ദ്ര സർക്കാർ കൊണ്ടുവന്ന സ്വപ്ന പദ്ധതികൾ തിരിച്ചടിയായെന്നു ചൂണ്ടിക്കാട്ടുന്നതിനൊപ്പം നല്ലതും മോശമായതും ആക്ഷേപകരവുമായ പല കാര്യങ്ങളും അക്കമിട്ടു വിശദീകരിച്ചിട്ടുണ്ട്.
നോട്ട് അസാധുവാക്കൽ വൻ പരാജയമായിരുന്നു. ഇത് രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ തകർത്തെന്ന് എല്ലാവർക്കും ബോധ്യമായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അതു സമ്മതിക്കാൻ തയാറായിട്ടില്ല. വേണ്ടത്ര തയാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ജിഎസ്ടി വ്യാപാരമേഖലയ്ക്ക് തിരിച്ചടിയായി. ചെടുകിട വ്യവസായങ്ങൾ പൂട്ടേണ്ട അവസ്ഥയിലായി. അന്വേഷണ ഏജൻസികളായ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയെ രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി ദുരുപയോഗിക്കുന്നു.
മോദിക്കോ പാർട്ടി അധ്യക്ഷൻ അമിത് ഷായ്ക്കോ എതിരേ എന്തെങ്കിലും പറഞ്ഞാൽ അന്വേഷണ ഏജൻസികളെ കൊണ്ട് അവരെ പീഡിപ്പിക്കുന്നു. അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി കാലികോ പുളിന്റെ ആത്മഹത്യ കുറിപ്പ്, ജഡ്ജി ലോയയുടെ മരണം, സോഹ്റാബുദ്ദീൻ ഷേയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസ്, ബിജെപി എംഎൽഎ മാനഭംഗം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം എന്നിവയിൽ കൃത്യമായ അന്വേഷണം നടത്തിയില്ല.
ആസൂത്രണ കമ്മീഷൻ ഇല്ലാതാക്കിയതോടെ രാജ്യത്തിന്റെ നിർണായക വിവരങ്ങൾ ലഭ്യമല്ലാതായി. ആസൂത്രണ കമ്മീഷനു പകരം കൊണ്ടുവന്ന നീതി ആയോഗ് സർക്കാരിന്റെ പബ്ലിക് റിലേഷൻസ് സ്ഥാപനമായി പ്രവർത്തിക്കുന്നു. സർക്കാർ കൊണ്ടുവരുന്ന ഏതു കണക്കുകളും വിശ്വസിക്കേണ്ട ഗതികേടിലാണ് രാജ്യത്തെ ജനങ്ങൾ. തെരഞ്ഞെടുപ്പ് ബോണ്ടുകൾ എന്ന രഹസ്യ ഇടപാടുകളിലൂടെ അഴിമതി നിയമപരമാക്കി.
ഇതിലൂടെ കോർപ്പറേറ്റുകളും വിദേശശക്തികളും രാഷ്ട്രീയ പാർട്ടികളെ വിലയ്ക്കെടുക്കാനുള്ള അവസരം കൊണ്ടുവന്നു. ആയിരം കോടി നൽകുന്ന കന്പനിക്കു വേണ്ടി നിയമം പാസാക്കുന്നു. മേക്ക് ഇൻ ഇന്ത്യ, ആദർശ് ഗ്രാമീണ്‍ യോജന തുടങ്ങി കൊട്ടിഘോഷിച്ച പദ്ധതികളെല്ലാം വൻ പരാജയം. എന്നിട്ടും അത് മറച്ചുവച്ച് ഭരണനേട്ടമായി പ്രചരിപ്പിക്കുന്നു. തൊഴിലില്ലായ്മയും കർഷക പ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്.
ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെ പ്രതിപക്ഷത്തിന്റെ നാടകമായി അവതരിപ്പിച്ചു പുച്ഛിച്ചു തള്ളുന്നു. യുപിഎ സർക്കാരിന്റെ കാലത്ത് ഇന്ധന വില വർധനയ്ക്കെതിരേ ശബ്ദമുയർത്തിയവർ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞപ്പോഴും കുതിച്ചുയർന്ന എണ്ണവിലയെ ന്യായീകരിക്കുന്നു. അടുത്ത പൊതു തെരഞ്ഞെടുപ്പിലും വ്യാജ ദേശീയത ഉയർത്തി ധ്രുവീകരണം നടത്താനാണ് ബിജെപിയുടെ ലക്ഷ്യം. അതിനുള്ള തന്ത്രങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നതെന്നും ശിവംശങ്കർ സിംഗ് വിശദമാക്കുന്നു.