അറിയാളൂർ: പിതാവിന്റെ സൈനിക യൂണിഫോം അണിഞ്ഞ് മൃതദേഹത്തിൽ അന്ത്യചുംബനം നൽകി രണ്ടുവയസുകാരൻ. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശി സി. ശിവചന്ദ്രന്റെ രണ്ടു വയസുകാരൻ മകൻ ശിവമുനിയനാണ് വീര സൈനികന് ആദരാജ്ഞലി അർപ്പിക്കാനെത്തിയവർക്കു മുന്നിൽ കണ്ണീർക്കാഴ്ചയായത്.
പിതാവിന്റെ യൂണിഫോം അണിഞ്ഞ് അമ്മയുടെ കൈപിടിച്ചാണ് ശിവമുനിയൻ പിതാവിന്റെ മൃതദേഹം അടങ്ങിയ പേടകത്തിൽ അന്ത്യചുംബനം നൽകിയത്. ശിവചന്ദ്രന്റെ ഭാര്യ ഗാന്ധിമതി ഗർഭിണിയാണ്. അവധിക്കുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ശിവചന്ദ്രൻ നാട്ടിൽനിന്ന് ജമ്മു കാഷ്മീരിലേക്കു മടങ്ങിയത്. അവധിക്കാലത്ത് ശിവചന്ദ്രൻ ശബരിമല സന്ദർശനത്തിന് എത്തിയിരുന്നു.
ബിരുദാന്തര ബിരുദവും ബിഎഡ് ഡിഗ്രിയുമുള്ള ശിവചന്ദ്രൻ സിആർപിഎഫിൽ ചേരുന്നതിനു മുന്പ് പ്രദേശത്തെ സ്കൂളിൽ അധ്യാപകനായിരുന്നു. 2010-ലാണ് ഇദ്ദേഹം സിആർപിഎഫിൽ ചേരുന്നത്. കുടുംബത്തിന് സാന്പത്തിക ഭദ്രതയുണ്ടാകുന്നതും അടച്ചുറപ്പുള്ള വീട് നിർമിക്കുന്നതും ഇതിനുശേഷമാണ്.
പ്രതിരോധമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർ ജവാന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനായി അറിയാളൂരിൽ എത്തിയിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ശിവചന്ദ്രന്റെ കുടുംബത്തിന് 20 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.