ബാലരാമപുരം: ആദ്യഭാര്യയേയും മക്കളെയും കൂടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ ചെന്ന ജ്യേഷ്ഠൻ വെട്ടേറ്റു മരിച്ചു. ബാലരാമപുരം പൂങ്കോട് ഫർണിച്ചർ കട നടത്തുന്ന തിരുനെൽവേലി സ്വദേശി പള്ളച്ചൽ പൂങ്കോട് ശിശുപാലന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന എസ്.ശിവൻ (42)ആണ് മരിച്ചത്.ശിവന്റെ അനുജൻ മുരുകനുമായുള്ള കയ്യേറ്റത്തിനിടെ വെട്ടേറ്റാണ് ശിവൻ മരിച്ചത്.
ഇന്നലെ രാത്രി ഒൻപതിനായിരുന്നു സംഭവം.പരിക്കേറ്റ ശിവനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.തിരുനെൽവേലി സ്വദേശികളായ സഹോദരങ്ങൾ ശിവനും മുരുകനും ഏഴു വർഷം മുന്പാണ് ബാലരാമപുരത്ത് എത്തിയത്.
മരപ്പണിയുമായി ബന്ധപ്പെട്ടാണ് ഇരുവരും ബാലരാമപുരത്തെത്തിയത്.മരം വെട്ടുകാരനാണ് മുരുകൻ.സംഭവത്തെ പറ്റി പോലീസ് പറയുന്നത്് ഇങ്ങനെ – തിരുനെൽവേലിയിൽ ഭാര്യയും മൂന്നുമക്കളുമുള്ള മുരുകൻ ബാലരാമപുരത്ത് മുടവൂർപ്പാറ വെട്ടുബലിക്കുളത്തിനടുത്ത് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിച്ച് വരുന്നത്.
തിരുനെൽവേലിയിലെ, മുരുകന്റെ മൂത്ത മകൻ സുബ്ബറാവു(18)ഒരു മാസം മുന്പ് ബാലരാമപുരത്ത് കൊല്ലപ്പെട്ട ശിവന്റെ വീട്ടിലെത്തിയിരുന്നു.ഇന്നലെ രാത്രി ഒൻപതോടെ സുബ്ബറാവു, ശിവനെയും ശിവന്റെ മകൻ വിഷ്ണുവിനെയും കൂട്ടി വെട്ടുബലിക്കുളത്തെ മുരുകന്റെ വീട്ടിലെത്തി.
ആദ്യഭാര്യയേയും മക്കളെയും കൂടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാൻ എത്തിയതായിരുന്നു അവരെന്ന് പോലീസ് പറഞ്ഞു.വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ മരം മുറിക്കാനുള്ള വാൾ ഉപയോഗിച്ച് മുരുകൻ ആക്രമിക്കുകയായിരുന്നു.നെറ്റിയിലും തുടയിലും കാലിലും ഗുരുതരമായി പരിക്കേറ്റ ശിവനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ പോലീസ് കസ്റ്റഡിയിലെടുത്തു.കയ്യാങ്കളിയിൽ തലയ്ക്ക് പരിക്കേറ്റ മുരുകനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോലീസ് കാവലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ധന്യയാണ് ശിവന്റെ ഭാര്യ.മക്കൾ: വിഷ്ണു, കാർത്തിക.