1999 ജനുവരി 23. ഡൽഹി അന്നുണർന്നത് ഞെട്ടിപ്പിക്കുന്ന ഒരു കൊലപാതക വാർത്ത കേട്ടുകൊണ്ടാണ്. കൊല്ലപ്പെട്ടത് പ്രശസ്ത പത്രപ്രവർത്തക ശിവാനി ഭട്നഗർ.
പ്രമുഖ ദേശീയ ദിനപ്പത്രത്തിലെ പത്രപ്രവർത്തകയായിരുന്ന അവരെ വാർത്തകളിലൂടെ ജനങ്ങൾക്ക് സുപരിചിതയായിരുന്നു. ദേശീയ ശ്രദ്ധ നേടിയ പല വാർത്തകളും ശിവാനിയുടെ പേന തുന്പിലൂടെ പുറംലേകം അറിഞ്ഞിട്ടുണ്ട്.
ഡൽഹിയെ ഇളക്കിയ പല വാർത്തകളും അതിൽ ഉൾപ്പെടും. ആരെയും തന്റെ സുഹൃത്തായി മാറ്റാൻ ശിവാനിക്ക് ഒരു പ്രത്യേക കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉന്നതരുമായി അടുത്ത ബന്ധമായിരുന്നു ശിവാനിക്ക്.
അതുകൊണ്ടു തന്നെ അധികാരത്തിന്റെ ഇടനാഴിയിൽ എന്തു നടന്നാലും ശിവാനിക്ക് വേഗം അറിയാൻ സാധിക്കുമായിരുന്നു. അക്കാലത്തെ പല എക്സ്ക്ലൂസീവ് വാർത്തകൾക്കു പിന്നിലും ശിവാനിയുടെ സാന്നിധ്യമുണ്ടെന്ന് പലരും പറയുമായിരുന്നു.
രവികാന്ത് ശർമയുമായുള്ള അടുപ്പം
ഐപിഎസ് ഓഫീസർ രവികാന്ത് ശർമയുമായി അടുത്തതോടെയാണ് ശിവാനിയുടെ കഷ്ടകാലം തുടങ്ങിയതെന്ന് പറയാം. രവികാന്തിന്റെ സഹായത്തോടെ പല വാർത്തകളും ശിവാനി പുറംലോകത്തെത്തിച്ചു. ഇതോടെ ഇരുവരും കൂടുതൽ അടുത്തു.
ഇരുവരും തമ്മിലുണ്ടായിരുന്നത് ഒരു ഒൗദ്യോഗിക ബന്ധമല്ലായെന്ന് ഉറപ്പിക്കാം. ഇവരുടെ അടുപ്പം മറ്റൊരു തലത്തിലേക്ക് മാറിയതായി പറയപ്പെടുന്നു. ഈ അടുപ്പത്തെക്കുറിച്ച് ശിവാനിയുടെ ഭർത്താവ് രാകേഷിനും ശർമയുടെ ഭാര്യ മധുവിനും അറിയാമായിരുന്നു. എങ്കിലും അവർ തമ്മിലുള്ള ബന്ധം തുടർന്നു.
പ്രധാനമന്ത്രിയുടെ ഒാഫീസിലെ ജോലിക്കാരനായ ശർമയുമായുള്ള അടുപ്പംമൂലം ശിവാനിക്ക് പല ഒൗദ്യോഗിക രേഖകളും ചോർന്നു കിട്ടാൻ ഇടയാക്കി. ഒരു പത്രപ്രവർത്തകയായ ശിവാനിയെ സംബന്ധിച്ച് ചോർന്നുകിട്ടിയ രേഖകളെല്ലാം സ്കൂപ്പ് വാർത്തയ്ക്കുള്ള ഉറവിടമായി.
ശിവാനി-ശർമ ബന്ധത്തിൽ ഉലച്ചിൽ
ശിവാനി-ശർമ ബന്ധത്തിൽ തകർച്ച നേരിട്ടതോടെയാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. ശിവാനിയുടെ കൈവശമുള്ള ഒൗദ്യോഗിക രേഖകൾ സംബന്ധിച്ച് ഇരുവർക്കുമിടയിൽ തർക്കം നടന്നു.
ശിവാനിയുമായുള്ള അടുപ്പവും ഒൗദ്യോഗിക രേഖകൾ ചോർത്തിയതുമെല്ലാം തനിക്കു നാളെ പ്രശ്നമാകുമെന്ന് ശർമ ചിന്തിച്ചു. ശിവാനി ഇല്ലാതായാൽ പിന്നെ പേടിക്കേണ്ട. ശർമയുടെ കൂർമബുദ്ധിയിൽ പല ആശയങ്ങളും മിന്നിമറഞ്ഞു.
ഇങ്ങനെയാരു സാഹചര്യത്തിലാണ് 1999 ജനുവരി 23ന് കിഴക്ക് ഡൽഹിയിലെ ശിവാനിയുടെ താമസസ്ഥലമായ നവകുൻജ് അപ്പാർട്ട്മെന്റിൽ ശിവാനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശർമ കേസിൽ പ്രതിയാകുന്നു
അന്വേഷണം മുന്നോട്ടുപോയതോടെ രവികാന്ത് ശർമ കേസിൽ പ്രതി ചേർക്കപ്പെട്ടു. ശർമയോടൊപ്പം ഭഗ് വാൻ ശർമ, സത്യപ്രകാശ്, പ്രദീപ് ശർമ എന്നിവരും പിടിയിലായി. 2007 സെപ്റ്റംബർ 27നാണ് ശർമ പോലീസിൽ കീഴടങ്ങുന്നത്.
ഉന്നത ബന്ധമുള്ള ശർമയുടെ ഇടപെടൽ കേസ് അന്വേഷണത്തെ ബാധിക്കുന്നത് അന്ന് പരക്കെ പ്രതിഷേധം ഉയർന്നിരുന്നു. 2008 മാർച്ച് 24ന് നാലു പ്രതികളെയും കീഴ്ക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
പ്രതീകൾ ഡൽഹി ഹൈക്കോടതിയിലേക്ക് അപ്പീലിനു പോയി. 2011ൽ കേസ് മൂന്നു പ്രതികളെ വെറുതെ വിട്ടും ഒരു പ്രതിയുടെ ജീവപര്യന്തം ശരിവച്ചും ഹൈക്കോടതി ഉത്തരവിട്ടു. മുഖ്യപ്രതി രവികാന്ത് ശർമ. ഭഗ് വാൻ ശർമ, സത്യപ്രകാശ് എന്നിവരെയാണ് സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയച്ചത്. നാലാം പ്രതി പ്രദീപ് ശർമയുടെ ജീവപര്യന്തം കോടതി ശരിവച്ചു.
ശിവാനി കൊല്ലപ്പെട്ട ദിവസം ഫ്ളാറ്റിലെ രജിസ്റ്ററിൽ പ്രദീപ് ശർമയുടെ പേര് ഉൾപ്പെട്ടതും ശിവാനിയുടെ മുറിയിൽനിന്ന് പ്രദീപിന്റെ വിരലടയാളം ലഭിച്ചതുമാണ് പ്രദീപിന് വിനയായത്. ഈ കേസിൽ ഒടുവിൽ സംശയത്തിന്റെ ആനുകൂല്യം ലഭിച്ച് ഐപിഎസ് ഒാഫീസറെ ഡൽഹി ഹൈക്കോടതി വെറുതേ വിട്ടെങ്കിലും ഈ കേസിലെ ദുരൂഹത ഇന്നു നിലനിൽക്കുന്നു.