തിരുവനന്തപുരം: പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ശിവൻ (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം.
ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ വ്യക്തിത്വമായിരുന്നു.
മലയാളത്തിലെ ആദ്യ പ്രസ് ഫോട്ടോഗ്രാഫർ എന്നാണ് അറിയപ്പെടുന്നത്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ ഗവ. പ്രസ് ഫൊട്ടോഗ്രഫറാണ്.
വാർത്താ ചിത്രങ്ങൾക്കായി ഡോ.രാജേന്ദ്രപ്രസാദ്, ജവഹർലാൽ നെഹ്റു, ജയപ്രകാശ് നാരായൺ, ലാൽ ബഹദൂർ ശാസ്ത്രി, സക്കീർ ഹുസൈൻ, ഇന്ദിരാഗാന്ധി എന്നിവരൊടൊപ്പം ശിവൻ ഔദ്യോഗിക യാത്രകൾ നടത്തിയിട്ടുണ്ട്.
ശിവന്റെ അനന്യസുന്ദരമായ ചിത്രങ്ങള്‍ കേരളചരിത്രത്തിന്റെ ഒരു രേഖപ്പെടുത്തല്‍ കൂടിയാണ്. ശിവന്റെ ചിത്രങ്ങള്‍ ഐക്യകേരളം രൂപീകരിക്കുന്നതിനു മുന്‍പു തന്നെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു.
നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ, ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു.
സംസ്ഥാനത്തെ ആദ്യ ഫിലിം ഔട്ട്ഡോർ യൂണിറ്റ് ആരംഭിച്ചത് ശിവനാണ്. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്.
മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ എന്ന നിലയിലായിരുന്നു അദ്ദേഹം ചലച്ചിത്ര മേഖലയിലേക്ക് എത്തിയത്.
സ്വപ്നം (1972-നാല് സംസ്ഥാന അവാർഡ്), യാഗം (1981-മൂന്നു ദേശീയ അവാർഡ്), അഭയം (1991- സംസ്ഥാന, ദേശീയ, അന്തർദ്ദേശീയ അവാർഡുകൾ), കൊച്ചു കൊച്ചു മോഹങ്ങൾ (1993), ഒരു യാത്ര (1999), കിളിവാതിൽ (2008), കേശു (2009-ദേശീയ, സംസ്ഥാന അവാർഡ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
1932 മേയ് 14ന് ഹരിപ്പാട് പടീറ്റതിൽ ഗോപാല പിള്ളയുടെയും ഭവാനി അമ്മയുടെയും മകനായിട്ടാണ് ശിവശങ്കരൻ നായർ എന്ന ശിവന്റെ ജനനം. പരേതയായ ചന്ദ്രമണി ശിവനാണ് ഭാര്യ. സംഗീത് ശിവൻ, സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.