അമ്പലപ്പുഴ: ഒരു തുണ്ടുഭൂമിക്കും ചോർന്നൊലിക്കാത്ത വീടിനും വേണ്ടി ഊമയും ബധിരയുമായ ഭാര്യയ്ക്കും നിത്യരോഗിയായ മകനുമായി ശിവനേശൻ കാണാത്ത അധികാരികളില്ല.
എന്നാൽ സർക്കാർ വിവിധ പദ്ധതികൾ കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഈ കുടുബം തെരുവിൽ അന്തിയുറങ്ങുകയാണ്. മൽസ്യത്തൊഴിലാളിയായ പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ആലിശേരി പുരയിടത്തിൽ ശിവനേശന്റെ കുടുബമാണ് വെയിലും മഴയുമേറ്റ് പുന്ന പ്രചള്ളി മൽസ്യലേല ഹാളിന്റെ തിണ്ണയിൽ കഴിയുന്നത്.
കഴിഞ്ഞ 14 വർഷമായിട്ട് ഈ കുടുബം മാറി മാറി വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ മെന്റൽ റിട്രാക്ഷൻ എന്ന രോഗത്തിന് അടിമയായ ഏക മകന്റെ ചികിത്സയ്ക്കു ലക്ഷങ്ങൾ ചെലവഴിച്ചതോടെ വൻ കടക്കെണിയിലായി.
പുന്ന പ്രതെക്ക് പഞ്ചായത്തിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നെങ്കിലും മൂന്ന് സെന്റ് സ്ഥലം വാങ്ങിയാൽ വീട് നൽകാമെന്നാണ് അധികൃതർ പറയുന്നത്.
ഈ കുടുബത്തിന്റെ ദയനീയവസ്ഥ 2020 ജൂലൈയിൽ മാധ്യമവാർത്തയായിരുന്നു. അന്ന് സിപി.എം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ അടക്കം ശിവനേശന്റെ വാടകവീട്ടിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ശിവനേശൻ പറഞ്ഞു. കടപ്പുറം വറുതിയായതോടെ വാട കൊടുക്കാനും നിത്യവും കുട്ടിക്കു കൊടുക്കേണ്ട മരുന്നു വാങ്ങാനും പറ്റാത്ത അവസ്ഥയായി.
ഇതോടെയാണ് കുടുബവുമായി തെരുവിലേക്കിറങ്ങിയത്. ജീവിതം ദുരിതം വിവരിച്ച് ജില്ലാ കളക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതു പ്രകാരം പുന്ന പ്രതെക്ക് പഞ്ചായത്ത് അധികൃതരോട് കളക്ടർ റിപ്പോർട്ട് തേടിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമായില്ല.