തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ യുഡിഎഫ് നടത്തുന്ന സമരം നിയമസഭയ്ക്കു പുറത്തു മാത്രമാക്കുന്നു.
വിഷയത്തിൽ സഭയിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസും ബഹിഷ്കരണ പ്രതിഷേധങ്ങളും സർക്കാർ തള്ളിക്കളഞ്ഞതോടെയാണ് സമരം സംസ്ഥാന വ്യാപകമാക്കി നടത്താൻ യുഡിഎഫ് തീരുമാനിച്ചത്.
ജില്ലാ തലത്തിലും നിയോജക മണ്ഡലം തലത്തിലും നടത്തുന്ന സമര പരിപാടികൾക്ക് ഇന്നു തുടക്കമാകും. സെക്രട്ടേറിയറ്റിനു മുന്പിൽ നടന്ന സമരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ നേമത്തും കഴക്കൂട്ടത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ട ിയും വട്ടിയൂർക്കാവിലും നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ തുടങ്ങിയ നേതാക്കൾ വിവിധ ജില്ലകളിലെ പരിപാടികളും പങ്കെടുത്തു.മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരം എങ്ങുമെത്താതെ നിൽകുന്നതിനിടെയാണ് സുപ്രീം കോടതി വിധി പ്രഖ്യാപനത്തിനു പിന്നാലെ മന്ത്രി വി. ശിവൻകുട്ടിയുടെ രാജിക്കാര്യവുമായി യുഡിഎഫ് പ്രതിഷേധം തുടങ്ങിയത്.
ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട് നിയമസഭയിലും പുറത്തും ശക്തമായ സമരം നടത്തുമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആദ്യ പ്രഖ്യാപനം. ഇക്കാര്യത്തിൽ ആദ്യം അടിയന്തര പ്രമേയത്തിനു അനുമതി തേടുകയും സഭാ നടപടികളും മന്ത്രിയെ ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, മന്ത്രി രാജിവയ്ക്കില്ലെന്ന നിലപാടാണ് ആദ്യം മുതലേ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതേ തുടർന്ന് ശിവൻകുട്ടി പങ്കെടുക്കുന്ന നടപടികളുമായി സഹകരിക്കില്ലെന്ന തീരുമാനത്തിലാണെന്ന് യുഡിഎഫ് അറിയിച്ചിരുന്നതെങ്കിലും ഇന്നലെ സഭയിൽ മന്ത്രിക്കെതിരേ ഈ വിഷയത്തിൽ ഒരു പ്രതിഷേധവും ഉയർന്നില്ല.
പ്ലസ് ടു സീറ്റുകൾ വർധിപ്പിക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രിക്കാണ് യുഡിഎഫ് അംഗങ്ങൾ ശ്രദ്ധക്ഷണിക്കൽ നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, മുഖ്യമന്ത്രിക്കു പകരം വിദ്യാഭ്യാസ മന്ത്രി മറുപടി പറഞ്ഞപ്പോഴും പ്രതിപക്ഷം പ്രതിഷേധമുയർത്തിയില്ല.
സഭയ്ക്കുള്ളിലെ സമരം പുറത്തേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഭയ്ക്കുള്ളിലെ പ്രതിഷേധം കുറച്ചതെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്കുള്ളിൽ കൂടുതൽ പ്രതിഷേധ നടപടികളിലേക്കു കടന്നാൽ പ്രക്ഷോഭത്തിലും സംഘർഷത്തിലുമെത്താനിടയുണ്ടെ ന്നും അത് നേരത്തെയുണ്ടായ നിയമസഭ കൈയാങ്കളി പോലെയാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും നേതാക്കൾ പറയുന്നു.
ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന മന്ത്രി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിക്കുന്നതിലുള്ള ധാർമ്മികത എന്തെന്നു ജനങ്ങളാണ് പരിശോധിക്കേണ്ട ത്. അതുകൊണ്ട ് ഇക്കാര്യം ജനങ്ങളുടെ മുന്പിൽ തുറന്നുകാട്ടാനാണ് തങ്ങളുടെ തീരുമാനമെന്നും യുഡിഎഫ് നേതാക്കൾ പ്രതികരിച്ചു.