എം.പ്രേംകുമാര്‍
തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പടയൊരുക്കം. നിലവില്‍ മന്ത്രിയും നേരത്തേ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ മൗനാനുവാദത്തോടെയാണു പാര്‍ട്ടി സമ്മേളനം വരാനിരിക്കെ ആനാവൂര്‍ നാഗപ്പനെതിരെയുള്ള നീക്കം ജില്ലയില്‍ ഒരു വിഭാഗം നേതാക്കള്‍ നടത്തുന്നത്. ഇതിന് അണിയറയില്‍ ചുക്കാന്‍ പിടിക്കുന്നതു സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു നേതാവുമായ മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടിയാണ്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെതിരെ സമാന്തര കമ്മിറ്റി ഉണ്ടാക്കാനുള്ള ശ്രമം ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തകൃതിയായി നടക്കുന്നുണ്ട്.
ജില്ലയിലെ പ്രമുഖ വിഎസ് പക്ഷ നേതാക്കളെ കൂട്ടുപിടിച്ചാണു ശിവന്‍കുട്ടി പാര്‍ട്ടി ജില്ലാ കമ്മിറ്റി തന്റെ അധീനതയിലാക്കാനുള്ള ശ്രമം നടത്തുന്നത്. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയും പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗമായ ഒരു മന്ത്രിയുടെ ശക്തമായ പിന്തുണയുമാണ് ആനാവൂരിനെതിരെയുള്ള ശിവന്‍കുട്ടിയുടെ നീക്കത്തിനു പിന്നില്‍. നേരത്തേ വി.എസ്.അച്യുതാനന്ദന്റെ ജില്ലയിലെ വിശ്വസ്തനായിരുന്നു ശിവന്‍കുട്ടി. വിഎസിന്റെ തട്ടകമായിരുന്ന തിരുവനന്തപുരം ജില്ല പിടിക്കാന്‍ പിണറായി വിജയനെ അകമഴിഞ്ഞു സഹായിച്ച ശിവന്‍കുട്ടി പിന്നീടു വിഎസിന്റെ കണ്ണിലെ കരടായി. എന്നാലും വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴും പിന്നീടു പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പഴയ വിഎസ് ഭക്തി മറക്കാന്‍ ശിവന്‍കുട്ടി തയാറായില്ല.
അതുകൊണ്ടുതന്നെ വിഎസിനും അദ്ദേഹത്തോടു പ്രത്യേക മമതയുണ്ടായിരുന്നു. ഈ ബന്ധം തന്നെയാണു ഇപ്പോള്‍ ആനാവൂര്‍ നാഗപ്പനെതിരെ ശിവന്‍കുട്ടി ഉപയോഗപ്പെടുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തു ബിജെപി നേതാവ് ഒ.രാജഗോപാലിനോടു പരാജയപ്പെട്ട ശിവന്‍കുട്ടി പാര്‍ട്ടിയില്‍ തികച്ചും ഒറ്റപ്പെട്ടു. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ വിശ്വസ്തര്‍ തന്റെ തോല്‍വിയ്ക്കും കാരണമായെന്നു ബോധ്യപ്പെട്ടതോടെയാണു ശിവന്‍കുട്ടി കളംമാറ്റി ചവിട്ടാന്‍ തുടങ്ങിയത്. ഒരുകാലത്തു സിപിഎമ്മിന്റെ സംഘടനാമുഖമായിരുന്ന സിഐടിയു പ്രസ്ഥാനത്തെ കൂട്ടുപിടിച്ചാണു ഇപ്പോള്‍ നിലവിലെ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനെതിരെ ശിവന്‍കുട്ടി സമരമുഖം തുറക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ അഴിമതി ആരോപണം ഉയരുകയും അദ്ദേഹത്തെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഈ പേഴ്‌സണല്‍ സ്്റ്റാഫംഗം നേരത്തേ ശിവന്‍കുട്ടി എംഎല്‍എയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്നു. ജില്ലയിലെ ഒരു പ്രമുഖ നേതാവിനു വേണ്ടി വഴിവിട്ടു ശിപാര്‍ശ ചെയ്തതിന്റെ പേരിലാണു പേഴ്‌സണല്‍ സ്റ്റാഫംഗത്തെ ഒഴിവാക്കേണ്ടി വന്നത്. വിഷയം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മുന്നിലെത്തിച്ചതിനു പിന്നിലും ശിവന്‍കുട്ടിയാണെന്നാണു സിപിഎമ്മില്‍ ചര്‍ച്ച. ഇങ്ങനെയൊരു അവസ്ഥയില്‍ സാഹചര്യം മുതലെടുത്തു ജില്ലയിലെ പാര്‍ട്ടിയെ കൈപിടിയിലൊതുക്കാനുള്ള ശ്രമമാണു വി.ശിവന്‍കുട്ടി നടത്തുന്നത്.
നിലവിലെ സിറ്റി പോലീസ് കമീഷണര്‍ മാറുമെന്നിരിക്കെ വിഎസിന്റെ തലസ്ഥാനത്തെ വിശ്വസ്തനായ നേതാവിന്റെ മകനെ കമീഷണറാക്കാനുള്ള നീക്കവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനെ മുന്‍നിര്‍ത്തി ശിവന്‍കുട്ടി നടത്തുന്നുണ്ട്. ജില്ലയിലെ പോലീസിനെ നിയന്ത്രിക്കാനുള്ള അധികാരവും പുതിയ കമീഷണറെ നിയമിക്കുന്നതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. നിലവിലെ പാര്‍ട്ടി ഔദ്യോഗികപക്ഷത്തെ ചേരിതിരിവും വിഎസ് പക്ഷ നേതാക്കളുടെ പരോക്ഷമായ പിന്തുണയും പ്രയോജനപ്പെടുത്തിയാല്‍ തലസ്ഥാന ജില്ലയിലെ പാര്‍ട്ടിയെ തന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ആക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണു വി.ശിവന്‍കുട്ടി.