കാഞ്ഞങ്ങാട്: സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പരീക്ഷാപരിഷ്കരണങ്ങൾ ഒരു കുട്ടിയേയും തോല്പിക്കാൻ വേണ്ടിയല്ലെന്നും മറിച്ച് അവർ ജീവിതത്തിൽ തോൽക്കാതിരിക്കാനാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ അനുകൂല അധ്യാപകസംഘടനയായ എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന്റ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാര് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടാം ക്ലാസ്വരെ എല്ലാ കുട്ടികൾക്കും ക്ലാസ്കയറ്റം നല്കുമ്പോൾ പല കുട്ടികളും അടിസ്ഥാനശേഷികൾ നേടുന്നുണ്ടോ എന്നത് മറക്കുന്നുണ്ട്. വിശാലമായ ജനാധിപത്യ ചര്ച്ചകള്ക്കൊടുവില് മാത്രമേ പരിഷ്കാരങ്ങൾ നടപ്പാക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപന രംഗത്തും പ്രഫഷണല് സമീപനം ഉണ്ടാകണം. പൊതുവിദ്യാലയത്തില് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാത്ത അധ്യാപകരുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കുമെന്നു മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില് സമ്പൂര്ണമാറ്റം ശിപാര്ശ ചെയ്യുന്ന ഖാദര് കമ്മിറ്റി റിപ്പോര്ട്ട് ആറു മാസത്തിനുള്ളില് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി എം. വിനോദ് അധ്യക്ഷത വഹിച്ചു.