നേമം: നേമം ഗവ യുപിഎസിലെ ഒന്നാം ക്ലാസുകാരി അനാമികയും നാലാം ക്ലാസുകാരൻ ആകാശും മന്ത്രിയോടൊപ്പം കണക്കിൽ കളിച്ച് മുന്നേറി.
സംഖ്യാ കാർഡുകൾ ഗെയിം ബോർഡിൽ നിരത്തി കളി പുരോഗമിച്ചപ്പോൾ ജനപ്രതിനിധികൾക്കും കുട്ടികൾക്കും ആഹ്ളാദം.
പ്രൈമറി തലത്തിൽ ഗണിതത്തിലെ അടിസ്ഥാന ശേഷികൾ കുട്ടികൾ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉല്ലാസ ഗണിതം, ഗണിത വിജയം വീട്ടിലും വിദ്യാലയത്തിലും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ഐ.ബി.സതീഷ് എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ് എസ്.കെ. പ്രീജ എന്നിവരോടൊപ്പം കുട്ടികൾ കളിച്ചു രസിച്ചത്.
നേമം ഗവ.യുപിഎസ് ഓഡിറ്റോറിയമായിരുന്നു വേദി. പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഐ. ബി. സതീഷ് എംഎൽഎ അധ്യക്ഷനായി. പഠന കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ നിർവഹിച്ചു.
ഗൃഹാന്തരീക്ഷ സാധ്യതകൾ പ്രയോജനപ്പെടുത്തി ആസ്വാദ്യകരമായ ഗണിതകേളിയിൽ കുട്ടികളും രക്ഷിതാക്കളും ഒരുമിച്ചേർപ്പെടുകയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇ
തിന്റെ ഭാഗമായി അധ്യാപക ശില്പശാലകൾ, രക്ഷകർതൃ സംഗമങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. വീട്ടിലിരുന്ന് കളിച്ചു പഠിച്ചു രസിക്കാൻ ഗെയിം ബോർഡുകൾ, സംഖ്യാ കാർഡുകൾ, ഡയസ് കട്ടകൾ എന്നിവ 13 ലക്ഷം കുട്ടികളുടെ വീടുകളിലെത്തിക്കും.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.ചടങ്ങിൽ നേമം ഗവ.യുപിഎസിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണ സമ്മാനിച്ചു.
നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. പ്രീജ, ജില്ലാപഞ്ചായത്ത് അംഗം ഭഗത് റൂഫസ് , പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക, പഞ്ചായത്ത് അംഗം ഇ. ബി. വിനോദ് കുമാർ, പൊതുവിജ്ഞാന സംരക്ഷണയജ്ഞം കോ – ഓർഡിനേറ്റർ എസ്. ജവാദ്, എസ്എംസി ചെയർമാൻ വി. മനു, ഹെഡ്മാസ്റ്റർ എ .എസ്. മൻസൂർ, വിദ്യാർഥി പ്രതിനിധി മാസ്റ്റർ കെ. എം. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എസ്എസ്കെ അഡീഷണർ ഡയറക്ടർ ആർ. എസ്. ഷിബു സ്വാഗതവും ജില്ലാ പ്രോജക്ട് കോ – ഓർഡിനേറ്റർ ബി. ശ്രീകുമാരൻ നന്ദിയും പറഞ്ഞു.