തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്ന് പി.ടി. തോമസ് എംഎൽഎ. ആന കരിന്പിൻകാട്ടിൽ എന്നതിനുപകരം ശിവൻകുട്ടി നിയമസഭയിൽ എന്നായി.
നിയമസഭയിലെ ആ ദൃശ്യം വിക്ടേഴ്സ് ചാനലിൽ കാണിക്കണമെന്നും പി.ടി. തോമസ് നിയമസഭയിൽ പറഞ്ഞു. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് പി.ടി. തോമസ് അടിയന്തര പ്രമേയ നോട്ടീസും നൽകിയിരുന്നു.
പൊതുമുതൽ നശിപ്പിച്ചയാൾ എങ്ങനെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്നും തോമസ് ചോദിച്ചു. സുപ്രീംകോടതി വിധിയിൽ സന്തോഷിക്കുന്നത് കെ.എം. മാണിയുടെ ആത്മാവാണ്.
മാണി അഴിമതിക്കാരനെന്ന് ഇടതുപക്ഷം ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യെന്ന അവസ്ഥയിലാണ് ജോസ് കെ. മാണിയെന്നും പി.ടി. തോമസ് പരിഹസിച്ചു.
അതേസമയം കൈയാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി.
ഇത് ശിവൻകുട്ടിക്കെതിരായ വിഷയമല്ല. പൊതുവിഷയമാണ്. പ്രക്ഷുബ്ധ രാഷ്ട്രീയസാഹചര്യത്തിലെ കേസുകൾ സാഹചര്യം മാറുന്പോൾ പിൻവലിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.