തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്തുന്നത് പുതുക്കിയ മാർഗരേഖ അനുസരിച്ചാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനതയുടെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നുവെങ്കിൽ ഇത്തവണ അത്തരത്തിൽ ഒരു കലാരൂപം മത്സര ഇനമായി ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
കായികമേള ഒക്ടോബർ 18 മുതൽ 22 വരെ എറണാകുളത്ത് സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്റ്റംബർ നാല്, അഞ്ച് തീയതികളിൽ പത്തനംതിട്ടയിൽ നടത്തും.
സ്പെഷൽ സ്കൂൾ കലോത്സവം കണ്ണൂരിൽ സെപ്റ്റംബർ 25 മുതൽ 27 വരെയും ശാസ്ത്രമേള ആലപ്പുഴയിൽ നവംബർ 14 മുതൽ 17 വരെയും കരിയർ ഗൈഡൻസ് ദിശ എക്സ്പോ, ഒക്ടോബർ അഞ്ചു മുതൽ ഒൻപതു വരെ തൃശൂരിലും നടത്തുമെന്നും മന്ത്രി അറിയിച്ചു.