തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ശശി തരൂർ എംപിക്ക് ഒരു ഫോണ് കോൾ ചെയ്തെങ്കിൽ തിരുവല്ലം ടോൾ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമായിരുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി പത്രക്കുറിപ്പിൽ വ്യക്തമാക്കി
. മന്ത്രി എന്ന നിലയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പ്രശ്നം ചൂണ്ടിക്കാട്ടി താൻ കത്ത് നൽകിയിട്ടുണ്ട്. പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി മറുപടി നൽകുകയും ചെയ്തു.
പാർലമെന്റ് അംഗമായ ശശി തരൂർ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കേണ്ടതായിരുന്നു.
മലയാളിയായ കേന്ദ്രമന്ത്രി വി. മുരളീധരനും സമരത്തിന് ആധാരമായ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നിൽക്കാനാവില്ല. ദേശീയപാത സംബന്ധിച്ച നയപരമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.
തിരുവനന്തപുരം പാർലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട മിക്ക വിഷയങ്ങളിലും ശശിതരൂരിന്റെ സാന്നിധ്യമോ ശ്രദ്ധയോ ഉണ്ടാകാറില്ല. ഇതിനു പരിഹാരം കാണാനുള്ള നിർദേശവും കെപിസിസി പ്രസിഡന്റ് എംപിക്ക് നൽകണം.
ബൈപ്പാസിലെ നാലുവരിപ്പാതയോ സർവീസ് റോഡോ പൂർത്തിയാകും മുന്പാണ് തിരുവല്ലത്ത് ടോൾപിരിവ് തുടങ്ങിയത്.
കൃത്യമായ ആസൂത്രണം ഇല്ലാത്തതുകൊണ്ട് മഴപെയ്താൽ പരിസരത്ത് വെള്ളക്കെട്ടാണ്. ഇതൊന്നും തിരുവനന്തപുരം എംപി അറിഞ്ഞമട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.