ലക്നോ: തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതെ പാർട്ടിവിടുകയും അരിശംമൂത്ത് പാർട്ടി ഓഫീസിലെ കസേര കൊണ്ടുപോകുകയും ചെയ്യുന്നത് വാർത്തയായിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. മറ്റൊന്നുമല്ല, ഒരു പാർട്ടിയുടെ സ്ഥാനാർഥിയെ അതേ സീറ്റിൽ മറ്റൊരു പാർട്ടി പ്രഖ്യാപിക്കുക. അമളിപറ്റിയിരിക്കുന്നത് ദേശീയ പാർട്ടിയായ കോൺഗ്രസിനാണെന്നതാണ് മറ്റൊരു തമാശ.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് മണ്ഡലത്തിലാണ് കോൺഗ്രസിന് അബദ്ധംപിണഞ്ഞത്. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് പിണങ്ങി പ്രഗതീശൽ സമാജ്വാദി പാർട്ടി രൂപീകരിച്ച അമ്മാവൻ ശിവപാൽ യാദവിന്റെ സ്ഥാനാർഥിയെയാണ് കോൺഗ്രസ് മഹാരാജ്ഗഞ്ചിൽ സ്വന്തം സ്ഥാനാർഥിയാക്കിയത്. ഒരാഴ്ച മുമ്പ് ശിവപാൽ യാദവ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. മധുമിത ശുക്ല കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് മുൻ മന്ത്രി അമർമണി ത്രിപതിയുടെ മകൾ തനുശ്രീ ത്രിപതിയെ (27) ആണ് ശിവപാൽ മഹാരാജ്ഗഞ്ചിൽ സ്ഥാനാർഥിയാക്കിയത്.
എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ തനുശ്രീയും. സംഭവം നാണക്കേട് ആയതോടെ കോൺഗ്രസ് വെള്ളിയാഴ്ച പിഴവ് തിരുത്തി. തനുശ്രീയെ മാറ്റി പകരം ടെലിവിഷൻ അവതാരക സുപ്രിയ ശ്രിനാടെയെ സ്ഥാനാർഥിയാക്കി. സുപ്രിയ ഇതിനകം ജോലി രാജിവച്ച് തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങിക്കഴിഞ്ഞു.