കാതടിപ്പിക്കുന്ന സംഗീതത്തിന്റെ അകന്പടിയില്ലാതെ കാണികളെ കൈയിലെടുക്കുകയാണ് കൊമ്മേരി സുകുമാരൻ എന്ന കലാകാരൻ. ശിവതാണ്ഡവം അർധനാരീശ്വര വേഷത്തിലാണ് സുകുമാരൻ വേദികളിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ നാലര പതിറ്റാണ്ടായി നൃത്തരംഗത്തുള്ള സുകുമാരൻ കഴിഞ്ഞ 15 വർഷമായി ചെയ്യുന്നത് അർധനാരീശ്വര വേഷത്തിലുള്ള ശിവതാണ്ഡവമാണ്.
അരമണിക്കൂർ ദൈർഘ്യമുള്ള ഈ നൃത്തത്തിനായി ശരീരത്തിന്റെ ഒരുപാതി പരമശിവനായും മറുപാതി പാർവതീ ദേവിയായും രൂപമാറ്റം വരുത്തി സർവാഭരണ വിഭൂഷിതനായാണ് ഈ നർത്തകൻ വേദിയിലെത്തുക. രൗദ്രവും ലാസ്യവും ഒരേ സമയം വിരിഞ്ഞൊഴുക മുഖകാന്തിയുമായ് അരങ്ങിലെത്തുന്ന സുകുമാരന് കാണികൾ നിറഞ്ഞ പ്രോത്സാഹനമാണ് നൽകിപോരുന്നത്.
കഴിഞ്ഞ 15 വർഷമായി കേരളത്തിനകത്തും പുറത്തുമായി ആയിരക്കണക്കിനു വേദികളിൽ അർധനാരീശ്വര വേഷത്തിലുള്ള ശിവതാണ്ഡവം ഇദ്ദേഹം ആടിയിട്ടുണ്ട്. ആദ്യകാലത്ത് ഉത്സവപ്പറന്പുകളിലാണ് നൃത്തം അവതരിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ റസിഡന്റ്സ് അസോസിയേഷനുകളിലെ പരിപാടികളിലും പ്രദർശന നഗരികളിലും അവാർഡ് നൈറ്റുകളിലും കൊമ്മേരി സുകുമാരന്റെ ശിവതാണ്ഡവം ഹിറ്റായി മാറുകയാണ്.
കൊമ്മേരി സ്കൂളിൽ നാലാം ക്ളാസിൽ പഠിക്കുന്പോൾ പ്രേമവല്ലി ടീച്ചറാണ് സുകുമാരനെ ആദ്യം നൃത്തം അഭ്യസിപ്പിക്കുന്നത്. പിന്നീട് കലാകേന്ദ്രം പത്മിനി, തിരുവണ്ണൂർ മോഹനൻ എന്നിവരുടെ കീഴിൽ നൃത്തം അഭ്യസിച്ചു. പിന്നീട് സ്വന്തമായി സ്വരുകൂട്ടിയ നൃത്തചുവടുകളുമായാണ് സുകുമാരൻ അരങ്ങിൽ നിന്നും അരങ്ങിലേക്ക് യാത്ര തുടർന്നത്. സ്ത്രീ വേഷത്തിൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശ്സ്ത മിമിക്രി താരം തൃശൂർ നസീറിനൊപ്പവും പ്രശസ്ത കംപ്യൂട്ടർ ഡാൻസർ ആലുവ രാജേന്ദ്രനോടൊപ്പവും സുകുമാരൻ ഇതിനകം നിരവധി വേദികൾ പങ്കിട്ടു. സൂര്യ ടിവിയിൽ നാദിർഷയും വീണയും ചേർന്നവതരിപ്പിച്ച കളിയും ചിരിയും പരിപാടിയിലെ ഡെയ്ലി സ്പെഷലിൽ ആമിനത്താത്തയെ അവതരിപ്പിച്ചു.
വടകര ഹസൻ ഹസീനയുടെ ഓഡിയോ കാസറ്റിനു വേണ്ടിയും തലശേരിയിലെ ഒരു തുണിക്കടയ്ക്ക് വേണ്ടിയും ചില മാധ്യമങ്ങൾക്ക് വേണ്ടിയും സുകുമാരൻ മോഡലായിട്ടുണ്ട്. ഐ.വി. ശശി, ജയരാജ് തുടങ്ങിയ സംവിധായകരുടേതടക്കം 23 സിനിമകളിലും ചില സീരിയലുകളിലും വേഷമിട്ടു. കലയ്ക്ക് വില പറയാത്ത സുകുമാരൻ ഒരിക്കലും തന്റെ നൃത്തത്തിന് പണം പറഞ്ഞ് വാങ്ങാറില്ല, തരുന്നതു കൊണ്ട് തൃപ്തിയടയുകയാണ് ചെയ്യുക.
അർധനാരീശ്വര വേഷത്തിനുള്ള നൃത്തത്തിന് ആവശ്യമായ വസ്ത്രങ്ങളും ആഭരണങ്ങളും മേയ്ക്കപ്പ് സാമഗ്രികളുമെല്ലാം നൽകുന്നത് കോഴിക്കോട്ടെ സുന്ദർമഹലിലുള്ള ദിജിലാണ്. ഇവരെ കൂടാതെ തലശേരി മന്പറം കലാ ജ്വല്ലറിയിലെ അനിൽ പ്രസാദ്, മൈലുള്ളിമെട്ടയിലെ ടൈലർ രാമകൃഷ്ണൻ, കൂത്തുപറന്പിനു സമീപത്തെ കൈതേരി അന്പലത്തിലെ ചന്ദ്രമതി ടീച്ചർ തുടങ്ങി നിരവധി പേർ ഈ കലാജീവിതത്തിന് താങ്ങും തണലുമാണ്.
നൃത്തത്തെയും അഭിനയത്തെയും തന്റെ രണ്ടു കണ്ണുകളായി കാണുന്ന സുകുമാരന് ഒരു സ്ഥിരം മേൽവിലാസമുണ്ടാക്കിക്കൊടുത്തതും കലാരംഗമാണ്. കൊമ്മേരി സുകുമാരൻ, കോഴിക്കോട്-7 എന്ന മേൽവിലാസം മാത്രം എഴുതി കത്ത് ഇട്ടാൽ സുകുമാരന് കത്ത് കിട്ടും. ശിവതാണ്ഡവുമായി ഊരുചുറ്റുന്ന ഈ കലാകാരനു ഭാര്യ രാജലക്ഷ്മിയുടെയും മകൻ വിഷ്ണുവിന്റെയും പിന്തുണയാണ് ശക്തി പകരുന്നത്.
ഫോൺ: 9744898739