.
ആറ്റിങ്ങല്‍ :ആറ്റിങ്ങല്‍ ചിറ്റാറ്റിന്‍കരയില്‍ ആന വിരണ്ടത് പരിഭ്രാന്തിപരത്തി. രണ്ടരമണിക്കൂറിനുശേഷം ആനയെ തളച്ചതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.
ഉള്ളൂര്‍ സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള ശിവപാര്‍വതി എന്ന പിടിയാനയാണ് തിങ്കളാഴ്ച വൈകുന്നേരം നാലിന് ഇടഞ്ഞത്.
പാപ്പാനായ കുട്ടപ്പന്റെ വീടിന് സമീപമാണ് രണ്ട് മാസമായി ആനയെ തളച്ചിരുന്നത്. ഇന്നലെ ആനയെ തെങ്ങില്‍ തളച്ചിരുന്നെങ്കിലും ഇടച്ചങ്ങലയുണ്ടായിരുന്നില്ല.
പാപ്പാന് സമീപത്തില്ലാതിരുന്ന സമയത്ത് ആന വിരണ്ട് റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു.ഉടൻ തന്നെ പാപ്പാനും സഹായിയും എത്തിയെങ്കിലും തളയ്ക്കാൻ കഴിഞ്ഞില്ല.
വിവരമറിഞ്ഞ് ആറ്റിങ്ങല്‍ പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി.
പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് ഉള്ളൂരില്‍ നിന്നും ഉടമയെത്തി ഭക്ഷ്യവസ്തുക്കള്‍ നൽകി ആനയെ അനുനയിപ്പിച്ച ശേഷം 6.30 ഓടെ കൂച്ച് വിലങ്ങിട്ട് തളച്ചു.