ആലുവ: മരണമുഖത്ത് നിന്നും 1800 പേരെ തനിച്ച് രക്ഷപ്പെടുത്തിയ അമ്പാട്ടുകാവ് മുണ്ടേത്ത് പറമ്പിൽ ശിവപ്രസാദിന് ചൂർണിക്കര പഞ്ചായത്ത് നിവാസികളുടെ ആദരവ്. രക്ഷപ്പെട്ടവർ ചേർന്ന് ഒരു പവൻ സ്വർണമോതിരവും പൊന്നടയും അണിയിച്ചാണ് ചൂർണിക്കര പഞ്ചായത്തിലെ കരാറു ജോലിക്കാരനായ ശിവപ്രസാദിനെ ആദരിച്ചത്.
അണക്കെട്ട് തുറന്നതിനെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയപ്പോൾ ആദ്യം മുങ്ങിയ പ്രദേശങ്ങളാണ് അമ്പാട്ടുകാവ് , കമ്പനിപ്പടി, ഇടമുള പരിസരവുമെല്ലാം. കമ്പനിപ്പടിയിലെ കൊച്ചി മെട്രോ സ്റ്റേഷനും ദേശീയ പാതയും മുങ്ങിപ്പോയി. മിന്നൽ വേഗത്തിൽ വെള്ളം ഉയർന്നതിനാൽ ഫ്ളാറ്റുകളിലും വീടുകളിലുമുള്ളവർ പുറത്തേക്ക് ഇറങ്ങാനാവാതെ വിഷമിച്ചു. ഈ സമയത്താണ് ശിവപ്രസാദ് അവിടെയെത്തിയത്.
പെരിയാറിന്റെ തീരപ്രദേശമായതിനാൽ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യത്തിലായിരുന്നു. ബൈക്ക് വഴിയരികിൽ ഉപേക്ഷിച്ച ശേഷം അമ്പാട്ടുകാവിലുള്ള കൊച്ചിൻ റിഫൈനറിയുടെ പമ്പ് ഹൗസിലെത്തി വലിയ വള്ളം സംഘടിപ്പിച്ചു. ഇപ്പോൾ ചൂർണിക്കര പഞ്ചായത്തിലെ കരാറുകാരനാണെങ്കിലും നേരത്തെ വർഷങ്ങളോളം മണൽ വാരൽ തൊഴിലാളിയായിരുന്ന ശിവപ്രസാദിന് വള്ളം തുഴയൽ നന്നായറിയാം.
കുത്തിയൊഴുകുന്ന മലവെള്ളപാച്ചിലിനെതിരെ വഞ്ചിയുമായി ശിവപ്രസാദ് പലവട്ടം തുഴഞ്ഞു. ഓരോ തവണയും മുപ്പതിലേറെ ആളുകളെ വീതം കരയിലെത്തിച്ചു. വഞ്ചി കുത്താൻ അറിയാവുന്ന മറ്റാരും ഇല്ലാതിരുന്നതിനാൽ 1800ഓളം പേരെയും കരയിലെത്തിച്ചത് ശിവപ്രസാദ് തനിച്ചായിരുന്നു.