ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറും മുതിർന്ന ടിഡിപി നേതാവുമായ കോഡേല ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമെന്ന് ബന്ധു. അനന്തരവൻ കാഞ്ചി സായിയാണ് ഇത്തരത്തിൽ ആരോപണമുന്നയിച്ചത്. റാവു കൊല്ലപ്പെട്ടതാകാനാണു സാധ്യതയെന്നും മൂത്ത മകൻ ശിവറാമിനു മരണത്തിൽ പങ്കുണ്ടെന്നും കാഞ്ചി സായി പറഞ്ഞു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സായി ഗുണ്ടൂർ പോലീസിനു കത്തെഴുതി. ശിവറാം സ്വത്ത് സ്വന്തമാക്കുന്നതിനായി ശ്രമിച്ചിരുന്നെന്നും ഇതിന്റെ പേരിൽ ഭീഷണി മുഴക്കിയിരുന്നെന്നും സായി കത്തിൽ ആരോപിക്കുന്നു.
അതേസമയം, മൂത്തമകൾ വിജയലക്ഷ്മി ഈ ആരോപണം നിഷേധിച്ചു. പിതാവ് ഫാനിൽ തൂങ്ങിനിൽക്കുന്നതു താൻ കണ്ടതാണെന്നും ഡ്രൈവറെയും ഗണ്മാനെയും വിവരമറിയിച്ചതു താനാണെന്നും മകൾ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണു റാവു മരിച്ചത്. സ്വവസതിയിൽ ജീവനൊടുക്കാൻ ശ്രമിച്ച റാവുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
2014-19 കാലത്ത് ആന്ധ്ര സ്പീക്കറായിരുന്നു റാവു. ഈ വർഷം മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ സാത്തേനപള്ളി മണ്ഡലത്തിൽ ശിവപ്രസാദ് റാവു പരാജയപ്പെട്ടിരുന്നു. എൻ.ടി. രാമറാവു. എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സർക്കാരുകളിൽ ആഭ്യന്തരം, ജലസേചനം, പഞ്ചായത്തിരാജ്, ഗ്രാമവികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചയാളാണ് ശിവപ്രസാദ് റാവു. ആറു തവണ നിയമസഭാംഗമായി.
ബസവതാരകം കാൻസർ ആശുപത്രി ഡയറക്ടറാണ് ഡോക്ടർകൂടിയായ റാവു. 1983ൽ തെലുങ്കുദേശം പാർട്ടിയിൽ അംഗമായി.വൈഎസ്ആർ കോണ്ഗ്രസ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായ ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് ശിവപ്രസാദ് റാവു ജീവനൊടുക്കിയതെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ആരോപിച്ചു.