ജയ്പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഭയാർഥികൾക്കു ദൈവത്തെപോലെയാണെന്നു ബിജെപി ദേശീയ ഉപാധ്യക്ഷനും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. പൗരത്വ നിയമ ഭേദഗതിയിൽ മോദി സർക്കാരിനെതിരേ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണു ചൗഹാന്റെ പുകഴ്ത്തൽ.
മോദി അഭയാർഥികൾക്കു ദൈവത്തെപോലെയാണ്. അസ്ഥിരമായ, സുരക്ഷിതമല്ലാത്ത പരിതസ്ഥിതിയിൽ ജീവിച്ചിരുന്ന അവരുടെ ജീവിതങ്ങൾ മോദി സുരക്ഷിതമാക്കി. പാക്കിസ്ഥാനിലേക്കു മടങ്ങേണ്ടിവന്നാൽ മരിക്കുമെന്നാണ് അവർ പറയുന്നത്. അവർക്ക് ഒരു പുതിയ ജീവിതം ലഭിച്ചിരിക്കുകയാണെന്നും ചൗഹാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ വിഷയത്തിൽ കോണ്ഗ്രസ് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും ചൗഹാൻ കുറ്റപ്പെടുത്തി. ബില്ലിൽ പ്രശ്നമുണ്ടായിരുന്നെങ്കിൽ വീഡിയോ സന്ദേശം പുറത്തിറക്കുകയല്ല, പാർലമെന്റിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും ചൗഹാൻ പറഞ്ഞു.