അമ്പലപ്പുഴ; പ്രായം ഓര്‍മ്മകളെ മറയ്ക്കാത്ത ശിവരാജന് പുന്നപ്ര സമര ചരിത്രം പറയുമ്പോൾ ആവേശം തിരതല്ലുകയാണ്.
ശതാബ്ദി നിറവിലും പോരാട്ട വീര്യം തളര്‍ത്താത്ത ഈ വിപ്ലവനക്ഷത്രത്തെ പുതിയ തലമുറ മറന്നു പോയിരിക്കുകയാണ്.
പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ തിരുവില്ലാമഠത്തില് ടി കെ ശിവരാജന് പുന്നപ്ര സമര ചരിത്രത്തിൻ്റ മായാതെ സൂക്ഷിക്കുന്ന ഓർമ്മകൾ പുതുക്കിയെടുത്തപ്പോള്‍ ആ മുഖത്ത് ആവേശം തിരതല്ലി.
തയ്യല്‍ തൊഴിലാളിയായിരുന്ന ശിവരാജന് പുന്നപ്ര അറവുകാട് ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ ക്യാമ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
അച്ഛന്റെ മരണശേഷം അമ്മയുടെ സംരക്ഷണയിലാണ് അഞ്ച് ആണ്മക്കള് അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന കുളത്തില്‍ ക്യാമ്പിലെ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം ഒരുക്കുകയും മരുന്ന് എത്തിച്ചു നൽകുകയും ചെയ്യുന്ന ചുമതലയായിരുന്നു ശിവരാജന് ഉണ്ടായിരുന്നത്.
വിഎസിന്റെ കുപ്പായം…
1946 ഒക്ടോബര്‍ 23 ന് സര് സിപിയുടെ പിറന്നാള്‍ദിനത്തില്‍ പുന്നപ്ര പനച്ചുവടുള്ള പോലീസ് ക്യാമ്പിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനായിരുന്നു തീരുമാനം.
വിവിധ ക്യാമ്പുകളില്‍ നിന്നുള്ളവര്‍ സംഘടിച്ച് പോലീസ് ക്യാമ്പിലേക്ക് നീങ്ങി. പോലീസ് ക്യാമ്പിന് സമീപം എത്തിയപ്പോഴേക്കും സമരക്കാര്‍ക്ക് നേരെ പോലീസ് വെടിയുയര്ത്തിയപ്പോൾ മുന്‍നിരയിലുണ്ടായിരുന്നവര്‍ വെടിയേറ്റ് പിടഞ്ഞുവീണു.
പ്രതിഷേധക്കാര്‍ പോലീസിനെയും അക്രമിച്ചു. ജീവന്തിരിച്ച് കിട്ടിയവര്‍ പലയിടത്തേക്കും ഓടി രക്ഷപെട്ടു. വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാതെ വന്നതോടെ പലരും ഒളിവില്‍ താമസിച്ചു.
ശിവരാജന് ആദ്യം പള്ളാത്തുരുത്തിയിലുള്ള ഒരു വീട്ടിലും പിന്നീട് കോട്ടയം പള്ളത്തും ഒളിവില്‍ കഴിഞ്ഞു. ആറുമാസത്തിന് ശേഷമാണ് തിരികെ വീട്ടിലെത്തുന്നത്.
പിന്നീട് തയ്യല്‍ ജോലിയുമായി മുന്നോട്ടുപോയി. വി എസ് അച്യുതാനന്ദനും അസംബ്ലി പ്രഭാകരനും എച്ച് കെ ചക്രപാണിയുമൊന്നിച്ചായിരുന്നു പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍.
മുഖ്യമന്ത്രി ആകുന്നതിന് മുമ്പുവരെ വി എസിന്റെ കുപ്പായം തയ്ച്ചിരുന്നത് ശിവരാജന്റെ കടയിലായിരുന്നു.
പുന്നപ്രയിലെ വീട്ടില്‍ വിഎസ് എത്തിയെന്നറിഞ്ഞാല്‍ രാത്രിയില്‍ കട അടച്ചതിന് ശേഷം ശിവരാജന് വേലിക്കകത്തെ വീട്ടിലെത്തി സൗഹൃദസംഭാഷണം നടത്തിയിട്ടാണ് വീട്ടിൽ പോകാറുള്ളത്.
ജി സുധാകരനും എച്ച് സലാമും തന്നെക്കാണാന്‍ എത്തുമായിരുന്നതായും ശിവരാജന് പറഞ്ഞു.സഹപോരാളികളുടെ രക്തം ചീന്തിയ ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിച്ച സമരപോരാളിയെ എല്ലാവരും മറന്നിരിക്കുകയാണ്.