തിരുവനന്തപുരം: പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തും നസീമും ബിരുദാനന്തരബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റു. ഇവരുടെ മാർക്ക് ലിസ്റ്റുകളുടെ രേഖകൾ പുറത്തുവന്നതിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
പിഎസ്സി സിവിൽ പോലീസ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ശിവരഞ്ജിത്ത്, കേരള സർവകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. കഴിഞ്ഞ വർഷം മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു വട്ടപ്പൂജ്യമാണ്.
ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി 4, വെസ്റ്റേണ്‍ ഫിലോസഫി: ഏൻഷ്യന്റ് മിഡീവൽ ആൻഡ് മോഡേണ്‍ 6.5, മോറൽ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാർക്ക്. ഇവർക്ക് ഇന്േറണൽ മാർക്ക് കിട്ടിയിട്ടുണ്ട്. 2019-ൽ വീണ്ടും ഈ പരീക്ഷകളെഴുതിയെങ്കിലും ജയിച്ചില്ല. ഒന്നാം സെമസ്റ്റർ വീണ്ടും എഴുതിയപ്പോൾ ഈ വിഷയങ്ങൾക്കു മാർക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി. ലോജിക്കിന് 13 മാർക്കും കിട്ടി. ഒരു പേപ്പർ ജയിക്കാൻ ഇന്േറണൽ ഉൾപ്പെടെ 100 ൽ 50 വേണം.
പോലീസ് റാങ്ക് പട്ടികയിലെ 28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എൻ. നസീമും എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടുവ!ട്ടം എഴുതിയെങ്കിലും തോറ്റു. നസീം വീണ്ടും അഡ്മിഷൻ നേടി എംഎ ഫിലോസഫിക്കു പഠിക്കുകയാണ്.
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥി അഖിൽ ചന്ദ്രനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കേസിൽ ഇരുവരും ഇപ്പോൾ റിമാൻഡിലാണ്. യൂണിവേഴ്സിറ്റി ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കണ്ടെടുത്ത സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.