തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ സഹപാഠിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ നേതാക്കളെ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. വിദ്യാർഥികൾക്കു ജാമ്യം നൽകിയാൽ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന പോലീസ് വാദം അംഗീകരിച്ചാണു തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
കൈയ്ക്കു പരിക്കേറ്റതിനാൽ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്റെ ആവശ്യം കോടതി തള്ളി. റിമാൻഡ് ഒഴിവാക്കാനാണ് ശിവരഞ്ജിത്ത് കിടത്തിച്ചികിത്സ ആവശ്യപ്പെട്ടത്. എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ അഖിലിനെ ആക്രമിക്കുന്നതിനിടെയാണു ശിവരഞ്ജത്തിനു പരിക്കേറ്റത്. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ഒന്നാം പ്രതി ശിവരഞ്ജിത്ത്, രണ്ടാം പ്രതി നസീം എന്നിവർ തിങ്കളാഴ്ച പുലർച്ചെയാണ് പോലീസിന്റെ പിടിയിലായത്. പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും പ്രതികളുടെ വീടുകളിലും ഇവർ പോകാനിടയുള്ള സ്ഥലങ്ങളിലും റെയ്ഡ് വ്യാപകമാക്കുകയും ചെയ്തിരുന്നു.
കേസിൽ മൊത്തം ഇതുവരെ ആറു പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള മുഖ്യ പ്രതികളുടെ പട്ടികയിലുള്ള അമർ, രഞ്ജിത്, ഇബ്രാഹിം എന്നിവരാണ് കേസിൽ ഇനി പിടിയിലാകാനുള്ളത്. ശിവരഞ്ജിത്തിന്റെ കയ്യിൽ കത്തികൊണ്ട് വരഞ്ഞ മുറിവുണ്ട്. ഇത് കുത്തിയപ്പോഴുണ്ടായതാണെന്ന് പോലീസ് ഉറപ്പിക്കുന്നു.