എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ നിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസ് ശിവരഞ്ജിത്തിന് ലഭിച്ചത് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്ക്)പരിശോധനയ്ക്കായി അലമാരകളും ഫർണിച്ചറുകളും പുറത്തേക്ക് മാറ്റിയ വേളയിൽ. നാക്കിന്റെ പരിശോധനയ്ക്ക് മുന്നോടിയായി കോളജിൽ അറ്റകുറ്റ പ്പണികളും പെയിന്റിംഗും നടന്നിരുന്നു.
പെയിന്റിംഗ് പണി തുടങ്ങുന്നതിനായി ചുവരുകൾ വൃത്തിയാക്കുന്നതിനായി അലമാരകൾ ഉൾപ്പടെ ഫർണിച്ചറുകൾ ഓഫീസിനു പുറത്തേക്ക് മാറ്റിയിരുന്നു. ഇതിൽ ചില മേശകൾക്കും അലമാരകൾക്കും പകരം പുതിയവ വാങ്ങുകയും ചെയ്തിരുന്നു. പഴയ അലമാരകളിൽ സൂക്ഷിച്ചിരുന്ന ഉത്തരക്കടലാസുകളുടെ കെട്ടിൽ നിന്നാണ് ശിവരഞ്ജിത്ത് ഉത്തരകടലാസുകൾ എടുത്തത്.
ഇതു വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഓഫീസിലെ ഒരു ജിവനക്കാരനും ശിവരഞ്ജിത്തും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇയാൾക്ക് ഒരു പണികൊടുക്കുന്നതിനായാണ് താൻ ഉത്തരക്കടലാസുകൾ എടുത്തു സൂക്ഷിച്ചിരുന്നതെന്നും പിന്നീട് ഇക്കാര്യം പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നുമാണ് ശിവരഞ്ജിത്ത് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞത്. നാലു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നാക്കിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളജിൽ നടന്നത്. 85 ലക്ഷം രൂപയ്ക്കാണ് പെയിന്റിംഗ് മാത്രം നടന്നത്.
നാക്കിന്റെ സന്ദർശന ദിവസം നടന്ന ചടങ്ങിനായി ചുവപ്പ് പരവതാനി യും സ്റ്റേജ് അലങ്കാരത്തിനുള്ള സാധനങ്ങളും പുറത്തു നിന്നും കൊണ്ടു വന്നിരുന്നു. പരിപാടി കഴിഞ്ഞ് സാധനങ്ങൾ കൊണ്ടു പോകുന്നതിന്റെ കൂട്ടത്തിൽ പഴയ ഫർണിച്ചറുകൾ ചില ജീവനക്കാർ കോളജിൽ നിന്ന് വാഹനത്തിൽ കടത്താൻ ശ്രമിച്ചു. അതു പ്രതികളായവരുടെ ശ്രദ്ധയിൽപ്പെടുകയും ഇവരും ജീവനക്കാരിൽ ചിലരുമായി വാക്കു തർക്കമായി.
ഇക്കാര്യം പറഞ്ഞ് പിന്നീട് ഇവരെ ഭീഷണിപ്പെടുത്താനാണ് ഉത്തരക്കടലാസുകൾ എടുത്തു സൂക്ഷിച്ചിരുന്നതെന്നാണ് ശിവരഞ്ജിത്ത് അന്വേഷണ സംഘത്തോട് പറഞ്ഞത്. പഴയ ഫർണിച്ചറുകളിൽ ചിലത് എസ്എഫ്.ഐയുടെ യൂണിറ്റ് റൂമിൽ കൊണ്ടിട്ടുവെന്നും ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തോട് ഇവർ പറഞ്ഞു.
ഈ സംഭവത്തിനു ശേഷമാണ് അഖിൽ ചന്ദ്രനുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതും കത്തിക്കുത്തിൽ അവസാനിച്ചതും. ഉത്തരക്കടലാസ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നു കണ്ടെത്തിയ സംഭവത്തിൽ കേരള യൂണിവേഴ്സിറ്റി അന്വേഷണം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാരും ഉത്തരവിട്ടിട്ടുണ്ട്. ഈ അന്വേഷണത്തിലായിരിക്കും ഈ മൊഴികളുടെ യഥാർഥ വസ്തുത പുറത്തു വരിക.