തിരുവനന്തപുരം: പിഎസ്സി യുടെ സിവിൽ പോലീസ് ഓഫീസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് യൂണിവേഴ്സിറ്റി കോളജിൽ നിന്നെന്നു സംശയം. കോളജിലെ ചില ജീവനക്കാരാകാം ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും ക്രൈംബ്രാഞ്ച് സംഘം സംശയിക്കുന്നു.
ചോദ്യപേപ്പർ ചോർത്തി ഉത്തരം എസ്എംഎസ് സന്ദേശങ്ങളായി നൽകിയ പോലീസുകാരന്റെയും വിഎസ്എസ്സി താത്കാലിക ജീവനക്കാരന്റെയും മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ പരിധി പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്.
പിഎസ്സി പരീക്ഷയ്ക്ക് എത്താതിരുന്ന ഉദ്യോഗാർഥികളുടെ ചോദ്യപേപ്പർ ജീവനക്കാർ പൊട്ടിച്ച് ഇതിന്റെ ഫോട്ടോയെടുത്ത് അയച്ചു കൊടുത്തതാകാമെന്നാണു നിഗമനം. സാധാരണയായി ഹാജരാകാത്ത ഉദ്യോഗാർഥികളുടെ ചോദ്യക്കടലാസ് പിഎസ്സി കടുത്ത പരിശോധനയ്ക്കു വിധേയമാക്കാറില്ല. ഈ സാഹചര്യം മുതലാക്കി ജീവനക്കാർചോദ്യപേപ്പർ ചോർത്തിയതാകാം. പരീക്ഷാ കേന്ദ്രങ്ങളുടെ ചുമതലയുള്ള അധ്യാപകരായ ജീവനക്കാർക്കല്ലാതെ ഈ സമയങ്ങളിൽ ഇതു ലഭിക്കില്ല.
യൂണിവേഴ്സിറ്റി കോളജിനു സമീപത്തിരുന്നാണ് പോലീസുകാരനും വിഎസ്എസ്സി താത്കാലിക ജീവനക്കാരനും ഉത്തരങ്ങൾ എസ്എംഎസായി യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും പ്രണവിനും നൽകിയത്.
ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം പിഎസ്സി യുടെ ആഭ്യന്തര വിജിലൻസ് എസ്പിയുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച മുഴുവൻ രേഖകളും ഏറ്റുവാങ്ങി.
പ്രണവും ശിവരഞ്ജിത്തും ഒരേ സമയത്താണ് പരീക്ഷയ്ക്ക് അപേക്ഷിച്ചതെന്നും കണ്ടെത്തി. പുലർച്ചെ രണ്ട് മണി 13 മിനിറ്റ് 44 സെക്കൻഡിലാണ് ഇരുവരുടെയും അപേക്ഷ പിഎസ്സി യുടെ സെർവറിലെത്തിയത്. രണ്ട് മൊബൈൽ ഫോണുകളിൽ അപേക്ഷ തയാറാക്കി ഒരേസമയം അയയ്ക്കുകയായിരുന്നു. ഒരേ പരീക്ഷാകേന്ദ്രവും അടുത്തടുത്ത രജിസ്റ്റർ നന്പറും കിട്ടാനായിരുന്നു ഇത്. രണ്ടുപേരുടെയും അപേക്ഷ അയച്ചത് പ്രണവാണ്. 28ാം റാങ്കു ലഭിച്ച നസീം രണ്ട് പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്തെന്നും ഇതിലൊന്നു മാത്രമാണ് സെർവറിലേക്ക് അയച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ശിവരഞ്ജിത്തിനെ ഡീബാർ ചെയ്തു; അധ്യാപകർക്കെതിരേയും നടപടി
തിരുവനന്തപുരം: കേരള സർവകലാശാല ഉത്തരക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ടു യൂണിവേഴ്സിറ്റി കോളജ് കുത്തു കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ എംഎ രജിസ്ട്രേഷൻ റദ്ദ് ചെയ്യാനും സ്ഥിരമായി ഡീബാർ ചെയ്യാനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ശിവരഞ്ജിത്തിനൊപ്പം കേസിലെ മറ്റു പ്രതികളായ നസീം, പ്രണവ് എന്നീ വിദ്യാർഥികളുടെ ഡിഗ്രി പരീക്ഷാ ഫലങ്ങൾ പരിശോധനയ്ക്കു വിധേയമാക്കാനും തീരുമാനിച്ചു.
യൂണിവേഴ്സിറ്റി കോളജ് സംഭവവുമായി ബന്ധപ്പെട്ടു പോലീസ് നടത്തിയ പരിശോധനയിൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഒൻപത് ഉത്തരക്കടലാസുകൾ കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
2015 മുതൽ 2019 മാർച്ച് 31 വരെ പരീക്ഷാ ചുമതല ഉണ്ടായിരുന്ന പ്രിൻസിപ്പൽമാർ, ചീഫ് സൂപ്രണ്ടുമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴി എടുത്താണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. പരീക്ഷ സംബന്ധമായി യൂണിവേഴ്സിറ്റി കോളജ് സ്വീകരിച്ചിരുന്ന നടപടിക്രമങ്ങൾ സമിതി വിശദമായി പരിശോധിച്ചു. ഉത്തരക്കടലാസുകൾ വിതരണം ചെയ്തതിന്റെ രേഖകൾ ഉണ്ടായിരുന്നെങ്കിലും ഉപയോഗിക്കാത്ത ഉത്തരക്കടലാസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന രേഖകൾ ഒന്നും തന്നെ സൂക്ഷിച്ചിരുന്നില്ല. സർവകലാശാലയുടെ പരീക്ഷ മാന്വലിൽ നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ പാലിക്കപ്പെടുന്നതിൽ യൂണിവേഴ്സിറ്റി കോളജ് അധികൃകർക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സമിതി വിലയിരുത്തി.
പരീക്ഷ ചുമതല നിർവഹിച്ചിരുന്ന ഡോ.എം.കെ. തങ്കമണി, ഡോ.എസ്. കൃഷ്ണൻകുട്ടി, ഡോ.അബ്ദുൽ ലത്തീഫ് എന്നിവർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്തേ പറ്റൂ എന്ന നിരീക്ഷണമാണ് സമിതിക്കുള്ളത്. സർവകലാശാലാ തലത്തിൽ സ്വീകരിക്കാവുന്ന നടപടികൾ ഇവർക്കെതിരെ എടുക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചു.
യുജിസിയുടെ ഏഴാം ശന്പള കമ്മീഷൻ ആനുകൂല്യം ഉൾപ്പെടെ സർവകലാശാല അധ്യാപകരുടെ ശന്പള പരിഷ്കരണം നടപ്പാക്കാൻ ഇന്നലെ ചേർന്ന സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 30 പേർക്ക് വിവിധ വിഷയങ്ങളിലായി പിഎച്ച്ഡി നൽകുന്നതിനും തീരുമാനിച്ചു.