തിരുവനന്തപുരം: പിഎസ് സി പരീക്ഷയിലെ ക്രമക്കേട് സ്ഥിരീകരിച്ച് വിജിലൻസ് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ മുൻ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട സിവിൽ പോലീസ് ഓഫിസർ പിഎസ്സി റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നതായാണു വിജിലൻസ് കണ്ടെത്തൽ.
ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവർക്കെതിരേയാണ് ക്രമക്കേട് ആരോപണം ഉയർന്നത്. പരീക്ഷാസമയത്ത് ഇവർ മൂന്നുപേരും മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നതായാണു വിജിലൻസിനു ലഭിച്ചിരിക്കുന്ന സൂചന. പരീക്ഷയുടെ ഉത്തരങ്ങൾ ഇവർക്ക് എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ ലഭിച്ചുവെന്നാണ് വിജിലൻസ് നിഗമനം. ഇതിന് യൂണിവേഴ്സിറ്റി കോളജിലെത്തിയ ശേഷം അധ്യാപകരുടെ സഹായം ലഭിച്ചതായും സംശയിക്കുന്നു.
ഇതേതുടർന്ന് പിഎസ്സി റാങ്ക് പട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കി. മൂന്നുപേരെയും പിഎസ്സി പരീക്ഷകളിൽനിന്ന് സ്ഥിരമായി വിലക്കാനും തീരുമാനിച്ചു. പോലീസ് അന്വേഷണത്തിന് പിഎസ്സി ആവശ്യപ്പെടണമെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശിവരഞ്ജിത് ഉൾപ്പെട്ട പോലീസ് റാങ്ക് ലിസ്റ്റിലെ നടപടികൾ സുതാര്യമായിരുന്നെന്ന് പിഎസ്സി ഇതുവരെ വാദിച്ചിരുന്നത്.
കേസിലെ ഒന്നാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്ത് റാങ്ക് പട്ടികയിൽ ഒന്നാമനായും രണ്ടാം പ്രതിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എ.എൻ.നസീം പട്ടികയിലെ 28-ാം റാങ്കുകാരനായും ഇടം നേടിയതാണ് വിവാദമായത്. പട്ടികയിലെ രണ്ടാം റാങ്കുകാരൻ പി.പി. പ്രണവും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു.