തിരുവനന്തപുരം: സഹപാഠിയെ കോളജ് കാന്പസിൽ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾക്കു തെളിവെടുപ്പിനു കോളജിലെത്താൻ നാണക്കേട്. കോളജിൽ ക്ലാസുള്ളപ്പോൾ തങ്ങളെ തെളിവെടുപ്പിനു കൊണ്ടുപോവരുതെന്നും അങ്ങനെ കൊണ്ടുപോയാൽ തങ്ങളുടെ ജീവനു ഭീഷണി ഉണ്ടെന്നുമാണു പ്രതികളായ നസീമും ശിവരഞ്ജിത്തും കോടതിയിൽ വാദിച്ചത്.
എന്നാൽ, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. തെളിവെടുപ്പിനായി കൊണ്ടു പോകുന്ന പ്രതികളുടെ സുരക്ഷാ ചുമതല പോലീസിനാണെന്നും അത് അവർ ചെയ്യുമെന്നും കോടതി മറുപടി നൽകി. കസ്റ്റഡി അപേക്ഷ പരിഗണിക്കവെയാണു കോടതിയുടെ പരാമർശം.
തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടാണു കേസ് പരിഗണിച്ചത്. കോളജിലെ വിദ്യാർഥികളെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്ന നസീമിനും ശിവരഞ്ജിത്തിനും വിദ്യാർഥികളെ അഭിമുഖീകരിക്കാൻ കഴിയാത്തതിനാൽ ആണ് പ്രവൃത്തി ദിവസത്തിൽ തെളിവെടുപ്പ് ഒഴിവാക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, കോടതിയുടെ ശക്തമായ മറുപടിയാണ് ഇക്കാര്യത്തിൽ ഉണ്ടായത്.
കേരള സർവകലാശാലയുടെ ഉത്തര കടലാസുകളും വ്യാജസീലുകളും ഒന്നാം പ്രതിയുടെ വീട്ടിൽനിന്നു കണ്ടെടുത്തതിനു വേറെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
എന്നാൽ, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു കോടതിയിൽ ഹാജരാകാത്തതു കോടതിയുടെ വിമർശനത്തിന് ഇടയാക്കി. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ എത്തിയ ശേഷമാണ് പ്രതികളെ മൂന്നു ദിവസത്തെ കസ്റ്റഡിയിൽ നൽകിയത്.
എന്നാൽ, തെളിവെടുപ്പിനായി പ്രതികളെ അഞ്ചു ദിവസത്തെ കസ്റ്റഡി വേണമെന്ന പോലീസിന്റെ ആവശ്യം കോടതി നിരസിച്ചു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നസിം എന്നീ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയിരുന്നു.