എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും എസ്എഫ്ഐ യൂണിയൻ ഓഫീസിൽ നിന്നും യൂണിവേഴ്സിറ്റി ഉത്തരകടലാസുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അധ്യാപകരിലേയ്ക്കും ജീവനക്കാരിലേയ്ക്കും നീളുന്നു. സർവകലാശാല പരീക്ഷാ നടത്തിപ്പിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ഉത്തരകടലാസുകൾ അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ഇതു വലിയ വിവാദമായ പശ്ചാത്തലത്തിലാണ് ഉത്തരകടലാസുകൾ ശിവരഞ്ജിത്തിന്റെ വീട്ടിലും യൂണിറ്റു റൂമിലും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായി കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം കോളേജ് പ്രിൻസിപ്പലിന്റേയും അധ്യാപകരുടേയും ജീവനക്കാരുടേയും മൊഴിയെടുക്കും. ഉത്തരകടലാസുകൾ ഇത്രയധികം പുറത്തേക്ക് പോകാനുണ്ടായ സാഹചര്യം അന്വേഷിക്കും.
അധ്യാപകരുടേയോ ജീവനക്കാരുടേയോ സഹായം ശിവരഞ്ജിത്തിനോ മറ്റു പ്രതികൾക്കോ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. സംഭവത്തിൽ ഗുരുതര വീഴ്ചയാണ് യൂണിവേഴ്സിറ്റി കോളേജധികൃതർക്ക് ഉണ്ടായതെന്നാണ് സർവകലാശാലയുടെ കണ്ടെത്തൽ. ഉത്തരകടലാസുകൾ സുരക്ഷിതമായി സംരക്ഷിക്കേണ്ട കോളേജധികൃതർ അതിനു ശ്രമിക്കാത്തതു കൊണ്ടാണ് പുറത്തേയ്ക്ക് ഇത്രയധികം പോയതെന്ന് യൂണിവേഴ്സിറ്റി പറയുന്നത്.
ഇതേക്കുറിച്ച് വി.സി അന്വേഷണത്തിന് പരിക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉത്തരകടലാസുകളും ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ സീൽ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തിലും അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാൻസിലർ കൂടിയായ ഗവർണറെ കാണും.
യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് ഒറ്റപ്പെട്ട സംഭവമായി കാണാൻ പറ്റില്ലെന്നും ഉത്തരകടലാസുകൾ പുറത്തേയ്ക്ക് പോയ സംഭവത്തിൽ വിശദമായ അന്വേഷണം ഗവർണർ നേരിട്ട് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല ഇന്നു വൈകുന്നേരം ഗവർണറെ കാണുന്നത്. അതേസമയം ഈ വിഷയത്തിൽ ഗവർണർ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
യൂണിവേഴ്സിറ്റി സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേയ്ക്ക് കടന്നു.