പിഎസ്സി കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഒന്നാംറാങ്കുകാരന് ഒന്നുമറിയില്ല. ഒന്നാം റാങ്കുകാരന്‍ ആര്‍. ശിവരഞ്ജിത്തും 28-ാം റാങ്കുകാരന്‍ എ.എന്‍.നസീമും കോപ്പിയടിച്ചെന്ന് ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസില്‍ പ്രതികളായ ഇരുവരെയും ജയിലിലെത്തിയായിരുന്നു ക്രൈംബ്രാഞ്ചിന്റെ അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. പഠിച്ചാണ് ജയിച്ചതെന്ന് ആവര്‍ത്തിച്ചെങ്കിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെയും എസ്‌ഐ അനൂപിന്റെയും തന്ത്രപരമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍, എസ്എംഎസ് നോക്കിയാണ് ഉത്തരം എഴുതിയതെന്നു പൂര്‍ണമായി സമ്മതിക്കാന്‍ ഇരുവരും തയാറായില്ല.
പരീക്ഷ എഴുതിയ ഒന്നേകാല്‍ മണിക്കൂറിനിടെ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങളും രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങളും എത്തിയതായി പിഎസ്‌സിയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ ഈ സന്ദേശങ്ങള്‍ കൈപ്പറ്റിയത് എങ്ങനെയാണെന്നു കണ്ടെത്തുകയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യം. പഠിച്ചു പരീക്ഷയെഴുതിയെന്ന നിലപാടില്‍ ആദ്യം ഉറച്ചു നിന്ന ഇരുവരും ഒടുവില്‍ തെളിവുകള്‍ മുഴുവന്‍ മുന്നില്‍ നിരന്നതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ജയിലില്‍ പരീക്ഷാ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒന്നാം റാങ്കുകാരനു കിട്ടിയത് പൂജ്യം മാര്‍ക്ക്. ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാതെ നസീമും കുഴങ്ങി.
ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാണെന്നു സൂചിപ്പിക്കുന്ന രേഖകള്‍ പിഎസ്സി വിജിലന്‍സ് നേരത്തെ പൊലീസിനു കൈമാറിയിരുന്നു. പൊലീസുകാരന്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരും ഇവര്‍ക്ക് പരീക്ഷാ സമയത്ത് സന്ദേശങ്ങള്‍ ഫോണിലൂടെ നല്‍കിയ പേരൂര്‍ക്കട എസ്എപി ക്യാംപിലെ ഗോകുല്‍, കല്ലറ സ്വദേശി സഫീര്‍ എന്നിവരുമാണ് കേസിലെ പ്രതികള്‍. ഗോകുലും സഫീറും ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. രണ്ടുപേരും ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാണ്.
പോലീസുകാരുടെ ചോദ്യം ചെയ്യലില്‍ ചോദ്യങ്ങളെല്ലാം എളുപ്പമുള്ളതായിരുന്നുവെന്നും അറിയാത്ത ചോദ്യങ്ങള്‍ക്ക് കറക്കിക്കുത്തി ഉത്തരമെഴുതിയെന്നുമായിരുന്നു ശിവരഞ്ജിത്തിന്റെ മറുപടി. അങ്ങനെയെങ്കില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയൂ എന്നു പറഞ്ഞ് പോലീസ് ചോദ്യക്കടലാസിലെ ചോദ്യങ്ങള്‍ ഓരോന്നായി ചോദിച്ചെങ്കിലും ഉത്തരം പറയാന്‍ ഇരുവര്‍ക്കുമായില്ല. അടുത്തുള്ളവരുടെ ഉത്തരം നോക്കിയാണ് ശരിയുത്തരം എഴുതിയത് എന്നായി അടുത്ത കള്ളം. എന്നാല്‍ അവരാരും റാങ്ക് പട്ടികയില്‍ വന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ ശിവരഞ്ജിത്ത് തപ്പിത്തടഞ്ഞു. എന്നാല്‍ നസിം പറഞ്ഞ വാക്കില്‍ ഉറച്ചു നിന്നു.
എസ്എംഎസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അതു പതിവായി വരുന്ന എസ്എംഎസാണ്. കൂട്ടുകാര്‍ അയച്ചതാണ്. (എസ്എംഎസായി വന്ന ഉത്തരത്തിന്റെ പ്രിന്റൗട്ട് അന്വേഷണ സംഘം കാട്ടിക്കൊടുത്തപ്പോള്‍ ശിവരഞ്ജിത് വിയര്‍ത്ത് പരവശനായി. പിന്നീട് മൗനം. ആരാണ് എസ്എംഎസ് അയച്ചതെന്നും മൊബൈല്‍ ഫോണ്‍ വഴിയാണോ സ്മാര്‍ട് വാച്ച് വഴിയാണോ എസ്എംഎസ് സ്വീകരിച്ചതെന്നും വ്യക്തമാക്കാന്‍ ഇരുവരും കൂട്ടാക്കിയില്ല. യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസില്‍ രണ്ടാമത് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ 11പേരെയും ഇനിയും പൊലീസിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.