മുക്കം: ആറ് വർഷം മുൻപ് കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് കരിമ്പിൽ കോളനിയിലെ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി റിമാന്‍ഡില്‍.
മുക്കം പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം പാലക്കാട് ചാലിശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത തോട്ടക്കാട് എളംകുറ്റിപ്പറമ്പ് തങ്കൻ എന്നറിയപ്പെടുന്ന ശിവനെ (51) യാ ണ് കോടതി റിമാന്‍ഡ് ചെയ്തത് .
റൂറൽ ജില്ലാ പോലിസ് മേധാവി ഡോ.എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് താമരശേരി ഡിവൈഎസ്പി ഇ.പി പൃഥ്വിരാജ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ശിവനെ പിടികൂടിയത്.
2015 ഫെബ്രുവരി 20ന് വൈകുന്നേരം ഏഴു മണിയോടെ മുക്കത്തേക്ക് പോകാൻ ബസ് കാത്തു നിൽക്കുകയായിരുന്ന തോട്ടക്കാട് കരിമ്പിൽ കോളനിയിലെ യുവതിയെ തോട്ടക്കാട് അങ്ങാടിയിൽ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ഇയാൾ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ ക്കുറിച്ച് പോലീസ് പലതവണ നിരവധി സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും നാളിതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ആറ് വർഷമായി പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോളമായി നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
മറ്റൊരു പേരിൽ പാലക്കാട് ചാലിശ്ശേരിയിലുള്ള യുവതിയെ വിവാഹം ചെയ്ത പ്രതി റോഡ് നിർമാണ ജോലികളിലേർപ്പെട്ട് പോലിസിന്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
രണ്ടു വർഷം മുൻപ് പ്രതിയുടെ തോട്ടക്കാടുള്ള മകളുടെ വിവാഹചടങ്ങിനും മറ്റൊരു ബന്ധു മരണപ്പെട്ടപ്പോഴും പോലീസ് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നെങ്കിലും പ്രതി സ്ഥലത്ത് എത്തിയിരുന്നില്ല.
അതിനിടയിൽ തൃശൂർ വടക്കാഞ്ചേരി റയിൽവേ ട്രാക്കിൽ കിടന്ന തിരിച്ചറിയാത്ത മൃതദേഹം പ്രതിയുടേതാണെന്ന രീതിയിൽ അഭ്യൂഹവും പരന്നിരുന്നു.
മുക്കം ഇൻസ്പെക്ടർ എസ്. നിസാമിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സാജു, നാസർ, സിവിൽ പോലീസ് ഓഫീസർമാരായ ഷെഫീഖ് നീലിയാനിക്കൽ, അനീഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.