തിരുവനന്തപുരം: ക്രിമിനൽ കേസിൽ പ്രതിചേർക്കപ്പെട്ടു സംസ്ഥാനത്ത് സമീപകാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിയമനൂലാമാലകളിൽ പെട്ടാണു ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടതെങ്കിൽ കൊലക്കുറ്റം, അഴിമതി, അനധികൃത സ്വത്ത് സന്പാദനം ഉൾപ്പെടെയുള്ള കുറ്റങ്ങളുടെ പേരിലാണ് ഇതിനു മുന്പു മറ്റു ചില ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായിട്ടുള്ളത്.
ജൂലൈ പതിനാലിന് ആദ്യം ചോദ്യം ചെയ്ത് മൂന്നു മാസവും പിന്നിടുന്പോഴാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ നിരവധി തവണയായി നൂറു മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ചോദ്യം ചെയ്യൽ നേരിടുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്. തലസ്ഥാനനഗരത്തെ നടുക്കിയ കാറപകടക്കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനാണ് ശിവശങ്കറിനു മുന്പ് അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥൻ.
സർവേ ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ടു എന്നാണു കേസ്. ഈ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ വേണ്ടി പോലീസ് നടത്തിയ നീക്കങ്ങൾ വൻ വിവാദത്തിനും വഴിവച്ചിരുന്നു.
അനധികൃത സ്വത്ത് സന്പാദന കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ആണ് അറസ്റ്റിലായ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ. അന്വേഷണം നേരിട്ടിരുന്ന ടി.ഒ സൂരജ് സർവീസിൽ നിന്നു വിരമിച്ച ശേഷമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
പാലാരിവട്ടം പാലം അഴിമതിക്കേസിലായിരുന്നു അറസ്റ്റ്. 2014 ലാണ് അനധികൃത സ്വത്ത് സന്പാദനവുമായി ബന്ധപ്പെട്ടു ടി.ഒ സൂരജിന്റെ പേരിൽ വിജിലൻസ് കേസ് വരുന്നത്.
ടി.ഒ സൂരജിന് 11 കോടി രൂപയുടെ ആസ്തി ഉള്ളതായും ഇതു വരുമാനത്തിന്റെ 314 മടങ്ങാണെന്നും വിജിലൻസ് അന്വേഷണ സംഘം അന്നു കണ്ടെത്തിയിരുന്നു.
ഈ കേസിൽ അന്വേഷണം നേരിടുന്നതിനിടയിലാണ് പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ 2019 ഓഗസ്റ്റ് 30 ന് ടി.ഒ സൂരജ് അറസ്റ്റിലാകുന്നത്.