സ്വന്തം ലേഖകന്‍
കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ പിടിമുറുക്കി അന്വേഷണസംഘം. കസ്റ്റംസ് മാത്രം മൂന്നു തവണയായി 28 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇന്നലെ പതിനൊന്നു മണിക്കൂറാണ് ചോദ്യം ചെയ്തത്.
ക്ലീന്‍ചിറ്റ് നല്‍കാതെ അദേഹത്തെ ഇന്നു വീണ്ടും ചോദ്യം ചെയ്യുകയാണു കസ്റ്റംസ്. ഈന്തപ്പഴം തന്നെയാണ് ശിവശങ്കറിനെ വേട്ടയാടുന്നത്. ഇതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ് ശിവശങ്കര്‍. പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസില്‍ കമ്മീഷണര്‍ സുമിത് കുമാറും സംഘവുമാണു ശിവശങ്കറിനെ ചോദ്യം ചെയ്തത്.
അനുപമയുടെ മൊഴി നിർണായകമായി
ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കു നല്കാന് സാമൂഹിക നീതി വകുപ്പു വഴി ശിവശങ്കര്‍ നടത്തിയ ഇടപെടലിനെ സംബന്ധിച്ചു ഡയറക്ടറായിരുന്ന ടി.വി. അനുപമയുടെ മൊഴിയുടെ വെളിച്ചത്തിലാണു കൂടുതല്‍ ചോദ്യം ഉയരുന്നത്.
കൂടാതെ സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വിദേശ യാത്രയും ഇവര്‍ കൊണ്ടുപോയ ബാഗേജുകളെ സംബന്ധിച്ചും കസ്റ്റംസ് ശിവശങ്കറിനോടു ചോദിച്ചവയില്‍ ഉള്‍പ്പെടുന്നു. നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍ ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.
നയതന്ത്രചാനലിലൂടെ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ച ഈന്തപ്പഴം അനാഥാലയങ്ങള്‍ക്കും സ്പെഷല്‍ സ്കൂളുകളിലും വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതു ശിവശങ്കറാണെന്നു സാമൂഹിക നീതിവകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണു ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും വിളിച്ചുവരുത്തിയത്. നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. കോണ്‍സുലേറ്റ് ആവശ്യത്തിനല്ലാതെ പുറത്തുവിതരണം ചെയ്യാന്‍ ധാരണയോ കരാറോ ഉണ്ടായിരുന്നില്ല.
സംസ്ഥാനത്തേക്ക് 17,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത വിഷയത്തില്‍ യുഎഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കത്തിടപാടുകളും നടത്തിയിട്ടില്ലെന്നായിരുന്നു ടി.വി. അനുപമയുടെ മൊഴി.
എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്കുന്ന പദ്ധതി നടപ്പാക്കിയതെന്നാണു മൊഴി. ഈന്തപ്പഴം വിതരണത്തിന്റെ ഉദ്ഘാടന ദിവസം രാവിലെ ഓഫീസിലേക്കു വിളിച്ചുവരുത്തിയാണു വാക്കാലുള്ള നിര്‍ദേശം നല്‍കിയതെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.
പുതിയ കേസ്രജിസ്റ്റര്‍ ചെയ്യാൻ കസ്റ്റംസ്
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്കു നിയമവിരുദ്ധമായി കോടികളുടെ കറന്‍സി കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം തുടങ്ങി.
പരിധി ലംഘിച്ച് വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണു കസ്റ്റംസ് കണ്ടെത്തിയത്. ഇതോടെ ഇതുസംബന്ധിച്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കം കസ്റ്റംസ് തുടങ്ങി. എം. ശിവശങ്കറിനൊപ്പം സ്വപ്ന ആറു തവണ വിദേശയാത്ര നടത്തിയിരുന്നു.
ശിവശങ്കറിനൊപ്പം യാത്ര ചെയ്ത സ്വപ്നയ്ക്കു വിഐപി പരിഗണന ലഭിച്ചെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും യാത്രാവിവരങ്ങളും കൊണ്ടുപോയ ബാഗേജുകളുടെയും വിവരങ്ങള്‍ കസ്റ്റംസ് സ്റ്റംസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.
ഒമാനിലും ശിവശങ്കറിനൊപ്പം സ്വപ്ന
പ്രളയസഹായംതേടി മുഖ്യമന്ത്രി പിണറായി വിജയന് 2018 ഒക്ടോബര്‍ 17ന് യുഎഇ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണു ശിവശങ്കറും സ്വപ്നയും ദുബായില്‍ പോയത്.
പിന്നീട് ശിവശങ്കര്‍ ഒമാനിലേക്കു പോയപ്പോഴും സ്വപ്ന ഒപ്പമുണ്ടായിരുന്നു. ഇതു കൂടാതെ ഇരുവരും ഒരുമിച്ചു നാല് വിദേശയാത്രകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ജൂണില്‍ വന്ദേഭാരത് വിമാനത്തില്‍ ദുബായിലേക്ക് അഞ്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സ്വപ്നയ്ക്കുവേണ്ടി ശിവശങ്കര്‍ വിമാനക്കമ്പനിയെ ബന്ധപ്പെട്ടതായി കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്.
വിദേശ പൗരന്മാര്ക്കുവേണ്ടിയാണു ടിക്കറ്റെന്നാണ് സ്വപ്ന പറഞ്ഞത്. ഈ യാത്രക്കാരുടെ ബാഗേജുകളിലും കറന്‍സി കടത്തിയെന്നു സംശയം കസ്റ്റംസിനുണ്ട്. ഇതു സംബന്ധിച്ചും ചോദ്യങ്ങളെ ശിവശങ്കറിനു നേരിടേണ്ടിവന്നു.