കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്.
പണമിടപാടിൽ ഇടപെട്ടില്ലെന്ന ശിവശങ്കറിന്റെ മൊഴിയുടെ സാധുത ഇല്ലാതാക്കുന്നതാണു സന്ദേശങ്ങൾ.
ലോക്കർ സംബന്ധിച്ച ആശങ്കകളാണ് സ്വപ്ന അറസ്റ്റിലായി പത്തുദിവസത്തിനു ശേഷമുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്.
മാധ്യമങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണുഗോപാലിനോട് കേരളം വിട്ടുപോകാനും ശിവശങ്കർ ഉപദേശിക്കുന്നുണ്ട്. ജൂലൈ 11നാണ് സ്വപ്ന സുരേഷിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
അന്വേഷണ ഏജൻസികൾ തന്റെ സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ശിവശങ്കറിന് സൂചന ലഭിച്ചിരുന്നതായും വാട്ട്സ്ആപ്പ് സന്ദേശങ്ങളിൽനിന്ന് വ്യക്തമാണ്.
ശിവശങ്കറിന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും ഫോണുകൾ പരിശോധിച്ചതിൽനിന്നാണ് നിർണായക ചാറ്റുകൾ ഇഡിക്കു ലഭിച്ചത്.
എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർക്കാൻ അന്വേഷണ ഏജൻസികൾ പ്രധാനമായും ആയുധമാക്കുന്നത് വാട്ട്സ്ആപ്പ് സന്ദേശങ്ങളാണ്. ഇതുൾപ്പെടെയുള്ള തെളിവുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ നൽകിയത്.