ജോണ്സണ് വേങ്ങത്തടം..!
കൊച്ചി: ഭക്ഷണം ഉപേക്ഷിച്ചും ചോദ്യങ്ങളോടു മുഖം തിരിച്ചുനിന്നിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പതിയെ ചുവടുമാറ്റുന്നു.
എന്‍ഫോഴ്സ്മെന്റിനോടു പൂര്‍ണമായും സഹകരിക്കുന്ന സ്ഥിതിയിലേക്കു അദേഹം മാറിയ അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും നിലപാട് മാറ്റമാണ് ഇത്തരമൊരു നീക്കത്തിനു ശിവശങ്കറിനെ പ്രേരിപ്പിച്ചതിന്.
എല്ലാവരെയും സംരക്ഷിച്ചു കൊണ്ടു തന്ത്രപരമായ നീക്കംനടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെഅഡീഷണല് പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് വിളിപ്പിക്കുന്നതും മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തത്.
ഇതേ സമയം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നിലേക്കു വിളിക്കപ്പെട്ടപ്പോള്‍ തന്നെ ശിവശങ്കറിനെ പാര്‍ട്ടിയും മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞിരുന്നു.
ഇതാണ് ശിവശങ്കറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതു കൂടാതെ ലൈഫ് മിഷനില്‍ വിജിലന്‍സ് കേസെടുത്തതും അതില്‍ പ്രതിയാക്കിയതും ശിവശങ്കറിനെ ഞെട്ടിച്ചു.
സ്വത്ത് മരവിപ്പിക്കാനുള്ള നീക്കം
ശിവശങ്കറിന്റെയും അടുത്ത ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കാനുള്ള നീക്കം ഇഡി തുടങ്ങിയിരുന്നു. ഇതും ശിവശങ്കറിനെ സ്വാധീനിച്ചിട്ടുണ്ട്. കേസില്‍ സാക്ഷിയോ മാപ്പുസാക്ഷിയോ ആകാനുള്ള സാധ്യത ശിവശങ്കറെ ഇഡി അറിയിച്ചിരുന്നു.
ഇതും പരിഗണിക്കുന്നുണ്ട്. ലൈഫ് മിഷന്, കെഫോണ്‍, കൊച്ചി സ്മാര്‍ട് സിറ്റി തുടങ്ങിയ സ്വപ്നപദ്ധതികളെ സംബന്ധിച്ചും കോഴപ്പണം ഒഴുകിയ വഴിയും ശിവശങ്കറിനു വ്യക്തമായി അറിയാം.
പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ സ്വപ്നയ്ക്കു ചോര്‍ത്തി നല്കി കോഴ സമ്പാദിച്ചെന്നും ശിവശങ്കറിനെതിരേ കോടതിയില്‍ ഇഡി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഈ പണം ആര്‍ക്കെല്ലാം പോയി. അതെല്ലാം സ്വന്തമായി അനുഭവിക്കുകയായിരുന്നോ എന്നെല്ലാം അന്വേഷണസംഘത്തിനു കണ്ടെത്തണം. ശിവശങ്കര്‍ വാങ്ങിയ അഴിമതി പണമെല്ലാം ഏതാനും പേരിലേക്കു കൂടി പോയിട്ടുണ്ടെന്ന സംശയത്തിലാണ് ഇഡി.
ഇതെല്ലാം തുറന്നു പറയിപ്പിക്കാനുള്ള നീക്കം ഇപ്പോഴത്തെ സാഹചര്യത്തില്‍ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണസംഘം.
വമ്പന്‍ സ്രാവുകളെ പിടികൂടാൻ
ശിവശങ്കറിന്റെ മൊഴിയിലൂടെ വമ്പന്‍ സ്രാവുകളെ പിടിക്കാനാകുമോ എന്നാണ് കേന്ദ്ര ഏജന്‍സി പരിശോധിക്കുന്നത്. ലൈഫ് മിഷനിലും സ്വര്‍ണ കടത്തിലും കള്ളപ്പണം വെളുപ്പിക്കലിലും അഴിമതി ഇഡി സംശയിക്കുന്നുണ്ട്.
ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നതരെയും പിടികൂടാന്‍ ഇതിലൂടെ അന്വേഷണസംഘത്തിനു സാധിക്കും. സര്‍ക്കാരിന്റെ സ്വപനപദ്ധതികളെ സംബന്ധിച്ചും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും ശിവശങ്കറില്നിന്നും ശേഖരിക്കാനുള്ള നീക്കമാണ് മറ്റു ഏജന്‍സികളും നടത്തുന്നത്.
ഇഡിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞലുടന്‍ കസ്റ്റംസ് ശിവശങ്കറിനെ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. ഐടി സെക്രട്ടറി ശിവശങ്കറായിരുന്നുവെങ്കിലും ഐടിയുടെ ആനുകൂല്യങ്ങളെല്ലാം നേടിയ ബംഗളൂര് കേന്ദ്രമാക്കിയ കമ്പനിയെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.