ജോണ്സണ് വേങ്ങത്തടം
കൊച്ചി: നയതന്ത്രബാഗേജില് സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നതു ശിവശങ്കറിന്റെ ടീം ആണെന്ന ഇഡിയുടെ റിപ്പോര്‍ട്ട് ലക്ഷ്യം വയ്ക്കുന്നതു മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിലേക്കും രണ്ടു സെക്രട്ടറിമാരിലേക്കും.
രവീന്ദ്രനെ കൂടാതെ രണ്ടു സെക്രട്ടറിമാരിലേക്കും ഏതാനും ഉപദേശകരിലേക്കും ഒരു നേതാവിലേക്കും അന്വേഷണം നീളാനുള്ള സാധ്യത ഏറി. സര്‍ക്കാരിന്റെ ഭരണത്തെ നിയന്ത്രിച്ചിരുന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരും അന്വേഷണപരിധിയില്വരുമെന്ന സൂചന ലഭിച്ചു.
സര്‍ക്കാരിന്റെ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഇവരിലേക്കു അന്വേഷണം വ്യാപിപ്പിക്കുന്നത്. ഇതില്‍ ഒരാള്‍ വിരമിച്ച എഐഎസ് ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന ഒരു രാഷ്ട്രീയനേതാവും അന്വേഷണത്തിന്റെ പരിധിയിലേക്കു വരും.
എല്ലാം അറിഞ്ഞുതന്നെ
നയതന്ത്രചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത്, ഇലക്ട്രോണിക്സ് സാധനങ്ങളുടെ കടത്ത് എന്നിവയെക്കുറിച്ച് എം. ശിവശങ്കറിനും അദേഹത്തിനൊപ്പമുള്ള ടീമിനും വ്യക്തമായ വിവരങ്ങളുണ്ടായിരുന്നുവെന്ന ഇഡി നല്കിയ റിപ്പോര്‍ട്ട് ഇവര്‍ക്കുള്ള സൂചനയാണ്.
നയതന്ത്രബാഗേജുകളില് സംശയമുയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവര്‍ ഇടപെട്ടതിനാല്‍ പരിശോധനയില്ലാതെ പുറത്തുകടക്കുകയായിരുന്നു. ആരാണ് ശിവശങ്കറിനൊപ്പം സ്വര്‍ണക്കടത്തിനു സഹായിച്ചതെന്ന സൂചനയാണ് ഇഡി നല്‍കുന്നത്.
തുറന്നുപറഞ്ഞ് സ്വപ്ന
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള സ്വാധീനവും ശിവശങ്കറിന്റെയും രവീന്ദ്രന്റെയും സഹായവും സ്വപ്ന സുരേഷ് എടുത്തു പറഞ്ഞു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതര്‍ക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് ലക്ഷ്യം വയ്ക്കുന്നത് രവീന്ദ്രനിലേക്കാണ്.
സ്വര്‍ണക്കടത്തിനെക്കുറിച്ച് എം. ശിവശങ്കര്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ക്ക് അറിയാമായിരുന്നെന്ന് ഇഡി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് സര്‍ക്കാരിന് കുരുക്കാണ്. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു.
കെ-ഫോണ്‍, ലൈഫ് മിഷന് പദ്ധതികളുടെ ടെന്‍ഡറുകള്‍ തുറക്കുംമുമ്പ് ശിവശങ്കര്‍ സ്വപ്നയ്ക്കുകൈമാറി. സ്വപ്നയ്ക്ക് കമ്മിഷനായി ലഭിച്ച ഒരുകോടി രൂപ ശിവശങ്കറിനുള്ളതായിരുന്നു.
സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ ടീം ആണ് നിയന്ത്രിച്ചിരുന്നത്. ഇവര്‍ അറിയാതെ ഒരു കാര്യവും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നിട്ടില്ല. തുടങ്ങിയ കാര്യങ്ങളാണ് ശിവശങ്കറിനെ കുരുക്കുന്നത്.
നീക്കം ഉന്നതരിലേക്ക്
ഇഡി ചോദ്യം ചെയ്യലിനു വിളിച്ചിരിക്കുന്ന സി.എം. രവീന്ദ്രനിലൂടെ കൂടുതല്‍ ഉന്നതരെപിടിക്കാനാണ് അന്വേഷണസംഘം ലക്ഷ്യം വയ്ക്കുന്നത്. കെ-ഫോണ്‍, ഇമൊബിലിറ്റി, ഡൗണ്‍ ടൗണ്‍, കൊച്ചി സ്മാര്‍ട് സിറ്റി എന്നി പദ്ധതികള്‍ക്കും
ശിവശങ്കര്‍ വഹിച്ച നേതൃപരമായ പങ്കും സ്വപ്നയ്ക്കു കൈമാറിയെന്ന് ആരോപിക്കുന്ന രഹസ്യ വിവരങ്ങളും അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഇമൊബിലിറ്റി ഒഴികെ പദ്ധതികളുമായി ശിവശങ്കര്‍-സ്വപ്ന സംഘത്തിന്റെ ബന്ധം, അവര്‍ ലക്ഷ്യമിട്ട കമ്മിഷന് ഇടപാടുകള്‍ എന്നിവയെക്കുറിച്ചു റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇതെല്ലാം ഫലത്തില്‍ ടീമിനെയും സര്‍ക്കാരിനെയും വെട്ടിലാക്കും. ലൈഫ് മിഷനിലെ 36 പദ്ധതികളില്‍ 26 എണ്ണത്തിന്റെയും നിര്‍മാണക്കരാര്‍ രണ്ടുസ്ഥാപനങ്ങള്ക്കാണ്.
ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്യുംമുമ്പേ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്കുനല്കിയിരുന്നു. ഇതെല്ലാം ശിവശങ്കറി ടീം അറിയാതെ പുറത്തു പോകില്ല.
കമ്മീഷനിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ഇഡി അറസ്റ്റു ചെയ്തു കഴിഞ്ഞാല്‍ സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ കസ്റ്റഡിയിലേക്കും ടീം പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്.